പാല: കോട്ടയം നഗരസഭയിൽ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ ചർച്ചയിൽ ക്വാറം തികയാത്തതിനാല്‍ യോഗം പിരിച്ചുവിട്ടതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. യോഗത്തിൽ പങ്കെടുക്കരുതെന്ന് യുഡിഎഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയതും ബിജെപി വിട്ടു നിന്നതോടെയുമാണ് എല്‍ഡിഎഫിന്‍റെ അവിശ്വാസം പരാജയപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് ഭരണ സമിതിക്കെതിരെ അവിശ്വാസം വരുന്നത്. 52 അംഗ കൗൺസിലിൽ യുഡിഎഫിലെ ഒരു അംഗത്തിന്‍റെ നിര്യാണത്തെ തുടർന്ന് യുഡിഎഫിന്റെ അംഗബലം 21 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ഒരു സീറ്റിന്‍റെ ബലത്തിൽ ഭരണം പിടിക്കാമെന്ന് കരുതിയ എല്‍ഡിഎഫ് ശ്രമം പരാജയപ്പെടുകയായിരുന്നു.
എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് ബിജെപിയുടെ എട്ട് അംഗങ്ങളും വിട്ടുനിന്നിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്നായിരുന്നു ബിജെപിയുടെ തീരുമാനം. ഈ വിവരം പുറത്തുവന്നതോടെ തന്നെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു.
ഒത്തുകളി ആരോപണം: കോൺഗ്രസും ബിജെപിയുമായി ഒത്തുകളിച്ച് അവിശ്വാസം പരാജയപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ ആരോപിച്ചു. കോൺഗ്രസ് അംഗങ്ങളിൽ ചിലർ വിപ്പ് സ്വീകരിക്കാൻ മടി കാട്ടിയതിലൂടെ യുഡിഎഫിലെ അംഗങ്ങളും ഭരണത്തിൽ അതൃപ്‌തരാണെന്നത് തെളിഞ്ഞുവെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. ഭരണസ്‌തംഭനം, കെടുകാര്യസ്ഥത, വികസന മുരടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
കഴിഞ്ഞ തവണ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയുടെ എട്ട് അംഗങ്ങളും എല്‍ഡിഎഫിനെ പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. എന്നാൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ ബിജെപി സ്വന്തം സ്ഥാനാർഥിയെ നിർത്തിയതും എല്‍ഡിഎഫിന്‍റെ ഒരംഗം ഹാജരാകാത്തതിനെ തുടർന്നും ബിൻസി സെബാസ്‌റ്റ്യന്‍ വീണ്ടും ചെയർ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.