കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തിന് കെഎം ഷാജി എംഎൽഎയുടെ മറുപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയവർക്ക് കണക്ക് ചോദിക്കാൻ അവകാശമുണ്ട്. പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടായതല്ല കേരളം. പണം വകമാറ്റി ചിലവഴിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നേരിടാന്‍ എല്ലാ സഹായവും നൽകി കൂടെ നിന്നു പ്രവർത്തിക്കുമ്പോഴും കണക്ക് ചോദിക്കാൻ പാടില്ലെന്നാണ് നിലപാട്. പ്രളയ ഫണ്ടില്‍ നിന്ന് ഒരു സഖാവ് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ നാട്ടിലാണ് രണ്ട് പ്രളയം നേരിട്ട് 10,000 രൂപ പോലും സഹായം ലഭിക്കാതെ ഒരാള്‍ ജീവനൊടുക്കിയത്. ഇടുക്കിയില്‍ ഒരാള്‍ വൃക്ക വില്‍പനക്കെന്ന് എഴുതി വയ്‌ക്കേണ്ടി വന്നെന്നും കെഎം ഷാജി പറഞ്ഞു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 8000 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്. 2000 കോടി മാത്രമാണ് ചെലവാക്കിയത്. ഇടതുപക്ഷ എം.എല്‍.എമാരുടെ നാട്ടിലെ റോഡ് നന്നാക്കാന്‍ 1000 കോടിയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയത്. ഒരു സിപിഎം എം.എല്‍.എക്ക് കടം വീട്ടാന്‍ ലക്ഷങ്ങള്‍ നല്‍കി. ദുരിതാശ്വാസ നിധിയില്‍ നിന്ന് 46 ലക്ഷം രൂപ വകമാറ്റിയതില്‍ ലോകായുക്തയില്‍ കേസ് നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്നത് വക്കീല്‍ ഫീസ് കൊടുക്കാന്‍ വേണ്ടിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട കെഎം ഷാജിയെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ഇന്നലെ വിമർശിച്ചത്