കോഴിക്കോട്: മുസ്ലീംലീഗ് സംസ്ഥാന നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം. കെ എം ഷാജിയും കെഎസ് ഹംസയുമാണ് വിമർശനം ഉന്നയിച്ചത്. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് തിരികെ വന്നത് നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നാണ് വിമര്‍ശം.
Also Read:ആറന്മുള പീഡനം; പതിമൂന്നുകാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് മുസ്ലീംലീഗ് രൂപം നൽകി.
ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പിഎം സാദിഖലി എന്നിവരടങ്ങിയ സമിതിയാണ് പരാജയത്തിൻ്റെ സാഹചര്യം പരിശോധിക്കുക. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകം പരിശോധിക്കും.
പിഎംഎ സലാമിനെ ആക്ടിംഗ് സെക്രട്ടറിയാക്കിയത് കൂടിയാലോചന ഇല്ലാതെയാണെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു. പുതിയ ജനറൽ സെക്രട്ടറിയെ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കണമെന്ന് എംസി മായിൻഹാജി യോഗത്തിൽ ആവശ്യപെട്ടു.
ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട സാമ്പത്തിക ആരോപണം പാർട്ടിയുടെ പ്രതിച്ഛായ തകർത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. രാവിലെ പത്തിന് തുടങ്ങിയ യോഗം രാത്രി എട്ട് മണിക്കാണ് അവസാനിച്ചത്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തിലായിരുന്നു യോഗം.