കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് രാഷ്ട്രീയ മത സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തവും പ്രവർത്തനവും ഉണ്ടാകണമെന്ന് സർവ്വകക്ഷി യോഗം. രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ വാർഡുതല ആർ.ടികളുടെ പ്രവർത്തനം സജീവമാക്കും.
കൊവിഡ് മുക്ത വാർഡ് എന്ന ലക്ഷ്യത്തോടെ എല്ലാ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും വാർഡ് തല പ്രവർത്തനം ഏകോപിപ്പിക്കുക.കൊവിഡ് ടെസ്റ്റ് നടത്തി ഫലം കാത്തിരിക്കുന്നവർ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ആർ.ആർ.ടി വളണ്ടിയർമാരും പൊലീസും നിരീക്ഷണം ശക്തമാക്കും.
ടെസ്റ്റ് റിസൽട്ട് വേഗത്തിൽ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ഇതിലേക്കായി സ്വകാര്യ മെഡിക്കൽ കോളജിന്‍റെ എക്സ്ട്രാക്ടിംഗ് മെഷീൻ ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ ഒരുക്കുന്ന എഫ്.എൽ.ടി.സി കളിൽ സന്നദ്ധ സേവനം നൽകുന്നതിന് സഹകരണ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കും.ആരാധനാലയങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്നത് കർശനമായി നിരീക്ഷിക്കും.
കണ്ടെയ്ൻമെന്‍റ് സോണിലും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും ഏർപെടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ മുഴുവൻ ജന സമൂഹവും തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കും.
ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിൽ പ്രത്യേക സംരക്ഷണം ഉറപ്പാക്കും. ടെസ്റ്റിനും വാക്സിനേഷനും പ്രത്യേകം സൗകര്യമൊരുക്കാൻ യോഗം നിർദ്ദേശിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് സമയ ക്രമം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കും എന്നിവയാണ് മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചത്.
രോഗവ്യാപനം തടയാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും യോഗം ചുമതലപ്പെടുത്തി. പ്രാദേശിക തലത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും സെക്രട്ടറിമാരുടേയും യോഗം ഉടനെ ചേരും