കോഴിക്കോട്: റോഡ് റോളറുകൾ ലേലം ചെയ്യാനൊരുങ്ങി സർക്കാർ. പ്രവർത്തിക്കാതെ തുരുമ്പെടുത്തും ജീവനക്കാർക്ക് ശമ്പളം കൊടുത്ത് ഭീമമായ നഷ്‌ട്ടം നേരിട്ടതിന്‍റെയും സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പുതിയ തീരുമാനം. നഷ്ട്ടക്കണക്ക് മാത്രമേ പറയാനുള്ളു ഈ റോഡ് റോളറുകൾക്ക്. ആധുനിക യന്ത്രങ്ങളുടെ വരവോടെയാണ് മുതിർന്ന ഭീമൻമാർ 'വെള്ളാന'കളായത്. എന്നാൽ പ്രവർത്തിക്കാത്ത റോളറിലെ ജീവനക്കാർക്ക് ജോലിയില്ലാതെ തന്നെ കോടികൾ ശമ്പളം നൽകി. 2021ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (CAG) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ലേലം ചെയ്യാനുളള തീരുമാനം. ജീവനക്കാരെ റെസ്റ്റ് ഹൗസുകൾ ഉൾപ്പെടെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
റോഡ്‌സ് വിഭാഗത്തിൽ 24 ഡിവിഷനുകളിൽ എട്ടെണ്ണത്തിലെ പരിശോധനയിൽ തന്നെ 2014-19 കാലയളവിൽ ജോലിയില്ലാതെ ശമ്പളത്തിനു 18.34 കോടി രൂപ ചെലവഴിച്ചെന്നാണ് സിഎജി കണ്ടെത്തൽ. പൊതുമരാമത്ത് വകുപ്പിൽ 2018 മേയ് വരെ ഉണ്ടായിരുന്ന 187 റോഡ് റോളറുകളിൽ 140 എണ്ണവും പ്രവർത്തിക്കുന്നില്ല. ഇതിൽ 8 മാസം മുതൽ 27 വർഷം വരെയായി തീരെ പ്രവർത്തിക്കാത്തവ 73 എണ്ണമാണ്. 47 എണ്ണം ശര്യാക്കി ശര്യാക്കി ഒന്നിനും കൊള്ളാതായി. 9 എണ്ണം വിറ്റു. റോഡിലിറങ്ങിയ 13 എണ്ണമാവട്ടെ, വർഷത്തിൽ പരമാവധി പ്രവർത്തിച്ചത് ഒരാഴ്‌ച മാത്രം.
എങ്കിലും 2019 വരെ 140 റോളർ ഡ്രൈവർമാരും 110 റോളർ ക്ലീനർമാരും അധികമായി ജോലി ചെയ്‌തിരുന്നു. ഇതിൽ 80 ഡ്രൈവർമാരുടെയും 60 ക്ലീനർമാരുടെയും തസ്‌തിക ഇല്ലാതാക്കിയെങ്കിലും ജീവനക്കാരെ നിലനിർത്തിയിരുന്നു. 2019 ഒക്ടോബറിലെ കണക്കനുസരിച്ച് 26 ഡ്രൈവർമാർക്കും 57 ക്ലീനർമാർക്കും പണിയില്ല.
1988 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം 'വെള്ളാനകളുടെ നാട്' എന്ന ചലച്ചിത്രത്തിലെ ഒരു കഥാപാത്രം തന്നെയായിരുന്നു റോഡ് റോളർ. ഇതിനെ തീറ്റിപ്പോറ്റാനും തകരാറിലായാൽ ശരിയാക്കിയെടുക്കാനുമുള്ള കഷ്‌ട്ടപ്പാട് മൂന്നരപ്പതിറ്റാണ്ട് മുമ്പ് മലയാളികൾ കണ്ടതാണ്. 'ഇപ്പോ ശര്യാക്ക' എന്ന് പറഞ്ഞിട്ട് ഒരിക്കലും ശര്യാവാത്ത ഈ ഭീമൻമാർ ശാപമോക്ഷത്തിനരികിലാണ്. ഇനിയെങ്കിലും എല്ലാം ശരിയായില്ലെങ്കിൽ,, 'ഇത് ഇനിയും ഇവിടുന്ന് എടുത്ത് കൊണ്ടു പോയില്ലേ' എന്ന് ജനങ്ങൾ ഒന്നടങ്കം ചോദിക്കും.