കോഴിക്കോട് : പൂക്കളമിട്ടും ഓണക്കളികളും ഓണപ്പരിപടികളുമായി ആഘോഷിച്ച ദിനങ്ങൾ, സദ്യയുണ്ടും ബന്ധുവീടുകൾ സന്ദർശിച്ചും ഓണത്തെ വരവേറ്റവർ. മഹാമാരിക്കാലം മുന്നില്‍ മായാതെ നില്‍ക്കുമ്പോൾ നാട് ഒന്നിച്ച ഓണക്കാലം ഓർമയില്‍ മാത്രം.
ഓണപ്പരീക്ഷയ്ക്ക് ശേഷം സ്കൂൾ അടയ്ക്കുമ്പോൾ തുടങ്ങും കുട്ടികളുടെ ഓണം. ഊഞ്ഞാലിട്ടും പൂക്കളമിട്ടും കൂട്ടുകാർക്കൊപ്പം ആർത്തുല്ലസിച്ചും ഓണാവധി ആഘോഷം. മുതിർന്നവർക്ക് പുതുവസ്ത്രങ്ങൾ വാങ്ങലും സദ്യവട്ടത്തിനുള്ള തയ്യാറെടുപ്പും.
അത്തച്ചമയവും ഓണവില്ലും ഓണത്തപ്പനും കുമ്മാട്ടിയും പുലികളിയും വടംവലിയും തുമ്പിതുള്ളലുമായി ആഘോഷം പൊടിപൊടിക്കും. വള്ളംകളികളും ഉത്രാടപ്പാച്ചിലും തിരുവോണവും ചതയാഘോഷവും മലയാളിക്ക് മാത്രമുള്ള ആഘോഷം.
കൊവിഡോണം കരുതലോണം
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയില്‍ പോയ വർഷം ഓണം ആഘോഷങ്ങളില്ലാതെ വീടുകളില്‍ മാത്രമായിരുന്നു. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
സർക്കാരിന്‍റെ ജാഗ്രതാ നിർദേശം നിലനില്‍ക്കുന്നതിനാല്‍ ഓണപ്പരിപാടികളും ആഘോഷങ്ങളുമുണ്ടായില്ല. കുട്ടികളും മുതിർന്നവരും സ്‌മാർട്ട് ഫോണിലും ടെലിവിഷനിലും ഓണം ആഘോഷിച്ചു.
ഓരോ ഓണക്കാലവും കടന്നുപോകുന്നത് സമ്പത്തും സമൃദ്ധിയും നിറയുന്ന പുതിയ വർഷമെന്ന പ്രതീക്ഷയോടെയാണ്.
വരും വർഷം അങ്ങനെയാകുമെന്ന പ്രതീക്ഷയിലാണ് മലയാളി. മഹാമാരിയില്‍ നിന്ന് മോചിതരായി ഓണം എല്ലാ പകിട്ടോടെയും ആഘോഷിക്കാമെന്ന പ്രതീക്ഷ.
ALSO READ: അരക്ഷിതാവസ്ഥയില്‍ നിന്നും നാടിന്‍റെ സ്നേഹത്തണലിലേക്ക് ; കാബൂളിൽ നിന്നും കണ്ണൂരിൽ പറന്നിറങ്ങി ദീദിൽ