കണ്ണൂർ: വടകര ലോക്സഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. തലശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലും ഒഞ്ചിയം മേഖലയിലും സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷ മേഖലകളില്‍ ശക്തമായ പരിശോധന നടത്തും. വോട്ടെണ്ണല്‍ ദിനത്തിലും തുടര്‍ന്നും കനത്ത സുരക്ഷ ഒരുക്കാനും തീരുമാനമായി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും അക്രമത്തിന് തയ്യാറെടുക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കോണ്‍ഗ്രസ്-ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടെണ്ണല്‍ ദിവസം ആഹ്ളാദ പ്രകടനത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹന പരിശോധന കര്‍ശനമാക്കാനും പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഒരുക്കാനും തീരുമാനമായി.
കള്ളവോട്ട് പരാതി നല്‍കിയ യുഡിഎഫ് ബൂത്ത് ഏജന്‍റുമാര്‍ക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട്. പി ജയരാജന്‍ ആയിരം വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംഘര്‍ഷ സാധ്യത ഇരട്ടിയാണെന്നും പൊലീസ്. സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറിനും ഭീഷണിയുണ്ട്. കൂടാതെ കെ മുരളീധരന് പരസ്യ പിന്തുണ നല്‍കിയ ആര്‍എംപി പ്രവര്‍ത്തകര്‍ക്കും സിപിഎമ്മിന്‍റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ആര്‍എസ്എസിലെ ഒരു വിഭാഗം കെ മുരളീധരന് വോട്ട് മറിച്ചെന്ന ആരോപണവും ശക്തമാണ്. ഫലം വരുമ്പോള്‍ ഇക്കാര്യം തെളിഞ്ഞാല്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന് സാധ്യതയുണ്ട്. ആര്‍എസ്എസ് സ്വാധീനമുള്ള നിട്ടൂര്‍ ഇടത്തിലത്തിന് സമീപം കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടി കൊയിലാണ്ടി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലശേരി, പാനൂര്‍ മേഖലകളില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങളും ബോംബുകളും പിടികൂടിയിരുന്നു.