കണ്ണൂർ: കഴിഞ്ഞ തവണ അപ്രതീക്ഷിതമായി ലഭിച്ച കോർപ്പറേഷൻ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കോൺഗ്രസ് വിമതരുടെ പിന്തുണയോടെയാണ് കഴിഞ്ഞ നാല് വർഷം ഭരിച്ചത്. എന്നാൽ ഇത്തവണ വ്യക്തമായ ആസൂത്രണത്തോടെയാണ് മുന്നണി രംഗത്തിറങ്ങിയിരിക്കുന്നത്. വികസന പദ്ധതികൾ വോട്ടാകുന്നതോടൊപ്പം യുഡിഎഫിലെ തമ്മിലടിയും എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് ജയരാജൻ പറഞ്ഞു.
കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതെ ഭരിച്ച ആന്തൂരിൽ മുന്നണി മികച്ച വിജയം നേടും. സാജൻ വിഷയം തിരിച്ചടിയാകില്ല. നഗരസഭ ചെയർ പേഴ്സന് എതിരെ ജനകീയ വിശദീകരണ യോഗത്തിൽ താനടക്കം പറഞ്ഞ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും എം. വി. ജയരാജൻ പറഞ്ഞു. ബൈപ്പാസിനെതിരെ സമരം ചെയ്ത വയൽക്കിളികൾ സ്ഥാനാർഥിയെ നിർത്തിയതിലും മുന്നണിക്ക് ഭയമില്ല. വികസനവും നഷ്ടപരിഹാരവും ഒരു പോലെ ലഭിച്ചവർ അത് ഉൾക്കൊള്ളുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.