കോഴിക്കോട് : അതിരാവിലെ പത്രം കൈയിൽ കിട്ടിയില്ലെങ്കിൽ അസ്വസ്ഥയാകും 98 കാരി കല്യാണിയമ്മ. കിട്ടിയാലോ അതിരറ്റ സന്തോഷവും. വായന ജീവിതവ്രതമാണ് ചിങ്ങപുരം കിഴക്കേ പീടികയിലെ ഈ മുത്തശ്ശിക്ക്. ഈ വായനാവാരാചരണത്തിലും വാക്കുകൾ അരിച്ചുപെറുക്കി സംതൃപ്തികൊള്ളുകയാണ് കല്യാണിയമ്മ.
അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് പത്രക്കാരനെ കാത്തുനിൽക്കും. പത്രം കൈയിൽ കിട്ടിയാൽ സന്തോഷം ഒന്നുവേറെ. പത്രത്തിന് അവധിയുള്ള ദിവസങ്ങളില്‍ കാര്യം കഷ്ടമാണ്. ഒരുത്സാഹവും ഉന്‍മേഷവുമുണ്ടാകില്ല. അപ്പോൾ കഥാപുസ്തകങ്ങളോ കുട്ടികളുടെ പാഠപുസ്തകങ്ങളോ എടുത്ത് ഒരു കൈ നോക്കും.
Also Read: വായനയുടെ വിശാല ലോകം തുറന്നിട്ട് അക്ഷരനഗരയിലെ കുട്ടികളുടെ ലൈബ്രറി 53-ാം വർഷത്തിലേക്ക്
കേൾവിക്കുറവുണ്ടെങ്കിലും കാഴ്ചയ്ക്ക് വലിയ പ്രശ്നമൊന്നുമില്ല. നാലാം ക്ലാസ് വരെയാണ് പഠിച്ചത്. സാഹചര്യങ്ങൾ പ്രതികൂലമായതോടെ സ്കൂളിൽ പോകുന്നത് നിർത്തി. അതിന്‍റെ വിഷമമൊക്കെ മനസിലുണ്ടെങ്കിലും പത്രം കൈയിൽ കിട്ടുന്നതോടെ മറക്കും. ഭർത്താവ് ഗോപാലൻ നായർ വിമുക്ത ഭടനായിരുന്നു. ആറ് മക്കളുണ്ട്. അതിൽ, അധ്യാപകനായിരുന്ന കെ പി പ്രഭാകരനൊപ്പമാണ് ഇപ്പോൾ കഴിയുന്നത്.
അടുത്ത കർക്കടകത്തിൽ 98 പൂർത്തിയാകുന്ന കല്യാണിയമ്മ സ്വന്തം കാര്യങ്ങളൊക്കെ പരസഹായമില്ലാതെ ഇപ്പോഴും ചെയ്യും. വായിക്കാൻ പത്രമുണ്ടെങ്കിൽ ഊർജം ഒന്നുകൂടി കൂടും. വായിക്കാൻ പുതുതലമുറയ്ക്കും ആവേശം പകരുകയാണ് ഈ മുത്തശ്ശി.