കോഴിക്കോട്: അന്തരിച്ച സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ സ്വന്തം മകനെപ്പോലെ ആയിരുന്നെന്ന് ജ്യേഷ്ഠൻ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. 'ഞങ്ങൾ തമ്മിലുള്ള പൊരുത്തം വാക്കുകൾക്ക് അതീതമായിരുന്നു, അത് തന്നെയായിരുന്നു ഞങ്ങളുടെ വിജയം, ഞങ്ങൾ ഒരുമിച്ച എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. അതവൻ എപ്പോഴും പങ്കുവെയ്ക്കുമായിരുന്നു. ഗായകർക്കും വിശ്വനെ വലിയ ഇഷ്ടമായിരുന്നു'- കൈതപ്രം പറയുന്നു.
അർബുദബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് വിശ്വനാഥന്‍റെ മരണം സംഭവിച്ചത്. തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
READ MORE: കൈതപ്രം വിശ്വനാഥൻ ഇനി ഓർമ ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
സംസ്ഥാന സർക്കാരിന്‍റേത് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ സംഗീതസംവിധായകനായിരുന്നു അദ്ദേഹം. 'കണ്ണകി', 'തിളക്കം', 'ഉള്ളം', 'ഏകാന്തം', 'ദൈവനാമത്തില്‍', 'മധ്യവേനല്‍', 'ഓര്‍മ മാത്രം', 'നീലാംബരി', 'കൗസ്‌തുഭം' തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
'കൗസ്‌തുഭം' എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. മലയാളി ശ്രോതാക്കളുടെ ഹൃദയത്തില്‍ ഒരു പിടി സുന്ദര ഗാനങ്ങള്‍ അവശേഷിപ്പിച്ചാണ് കൈതപ്രം വിശ്വനാഥന്‍റെ അപ്രതീക്ഷിത വിയോഗം.