കോഴിക്കോട്: കോൺഗ്രസിന്‍റെ തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതു കൊണ്ടാണെന്നും സംഘടന തലത്തിൽ അഴിച്ചു പണി വേണമെന്നും കോൺഗ്രസ് നേതാവ് കെ.മുരളിധരൻ.
ഹൈക്കമാന്‍റ് നന്നായി നയിച്ചുവെന്നും പക്ഷെ അത് ഇവിടെ വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്‌ക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട എന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ തലമുറ മാറ്റം വേണം. മാറി തരാൻ താൻ തയ്യാറാണെന്നും തനിക്ക് തന്‍റെ കാര്യം മാത്രമേ പറയാനാകൂ എന്നും കെ.മുരളീധരൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് നിയമനത്തെ കുറിച്ച് വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരണത്തിനില്ല എന്നും ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സംഘടന കാര്യമാണ് ഇനി മുഖ്യമെന്നും കെ.പി.സി.സി പ്രസിഡന്‍റിന്‍റെ കാര്യം അപ്പോൾ ചർച്ച ചെയ്യുമെന്നും പുതിയ മന്ത്രിസഭയിൽ ആരെയും മോശക്കാരായി കാണുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.