കോഴിക്കോട് : മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച 2 നേതാക്കള്‍ക്കെതിരെ കെപിസിസി (Kerala Pradesh Congress Committee) നടപടി. മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. ജി.സി പ്രശാന്ത് കുമാർ, അരക്കിണർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ് രാജീവൻ തിരുവച്ചിറ എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തു.
മുന്‍ ഡി.സി.സി പ്രസിഡന്‍റ് യു.രാജീവന്‍ മാധ്യമങ്ങളിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റും ഡിസിസി ജനറൽ സെക്രട്ടറിയുമായ സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീത് ചെയ്യാനും കെ.പി.സി.സി തീരുമാനിച്ചു.
വാര്‍ത്താക്കുറിപ്പിലൂടെ ഡി.സി.സി പ്രസിഡന്‍റ് കെ പ്രവീൺ കുമാറാണ് തീരുമാനം അറിയിച്ചത്. അതിനിടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രവർത്തകർക്ക് ഡി.സി.സി നേതൃത്വം വിവിധ മണ്ഡലങ്ങളിൽ പുതിയ ചുമതല കൂടി നൽകിയിരിക്കുകയാണ്. മർദ്ദന സംഭവങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് ഏഴോളം പേർക്ക് ചുമതല നൽകിയത്.
Also Read: Crime Branch Investigation| മോഡലുകളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
അതേസമയം മർദ്ദനമേറ്റ മാധ്യമ പ്രവർത്തകരുടെ ഭാഗം കേട്ട അന്വേഷണ സമിതിക്ക് മർദ്ദിച്ച നേതാക്കളുടെ വിശദീകരണം തേടാനായിരുന്നില്ല. ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രവർത്തകർ എവിടെയാണെന്ന് അറിയില്ലെന്നാണ് അന്വേഷണ സമിതി അറിയിക്കുന്നത്.
സി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജോൺ പൂതക്കുഴി എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. എസ്.പി തല്ലിയ കേസ് എ.എസ്.ഐ അന്വേഷിക്കുന്നത് പോലെയാണ് പാർട്ടി അന്വേഷണ സമിതി അംഗങ്ങളെ വച്ചതെന്നായിരുന്നു ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ പരിഹാസം. മുൻ ഡി.സി.സി പ്രസിഡന്‍റ് യു രാജീവൻ അടക്കം പങ്കെടുത്ത യോഗത്തിനിടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.