കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാം കേസില്‍ മുഖ്യപ്രതി ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊന്നാമറ്റംവീട്ടിൽ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട കേസിലാണ് തുടർനടപടി. കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജില്ലാ ജയിലിലെത്തിയാണ് റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. തുടർന്ന് പ്രൊഡക്ഷൻ വാറന്‍ഡ് നേടി ജോളിയെ താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ച് മാത്യു കേസിലും ജോളിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
അതേസമയം ആൽഫൈൻ കേസിൽ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിൽ ജോളിയെ താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. തുടർന്ന് ബാക്കിയുള്ള റിമാൻഡ് കാലാവധി വരെ പ്രതിയെ കോടതി ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു.