കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്. ഓഗസറ്റ് ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണം. ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമിക്കുന്ന ഹൈദരലി തങ്ങളെ, രാമനാട്ടുകരയിലെ വീട്ടിൽ എത്തിയാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.
'പാണക്കാട്ടെത്തി ഇ.ഡി മൊഴി രേഖപ്പെടുത്തി'
ലീഗ് മുഖപത്രമായ ചന്ദ്രികയിൽ 10 കോടി രൂപ നിക്ഷേപിച്ചു എന്ന കേസുമായി ബന്ധപ്പെട്ട്, ജൂലൈ 24ന് ഹാജരാകാൻ നേരത്തെ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും തങ്ങൾ ഹാജരായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, കുഞ്ഞാലിക്കുട്ടിയുടെയും മകന്‍റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ഉന്നയിച്ച കെ.ടി ജലീല്‍, പാണക്കാട്ടെത്തി ഹൈദരലി തങ്ങളുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയതായി ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
ലീഗ് നേതാക്കൾ പാണക്കാട് തങ്ങളെ മറയാക്കി നടത്തുന്നത് ഗുരുതരമായ മാഫിയാപ്രവർത്തനമാണെന്നും പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ ആരോപിച്ചു. ആദായനികുതി രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഇ.ഡി നോട്ടീസിന്‍റെ രേഖകള്‍ ജലീല്‍ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരാണ് നോട്ടീസില്‍ ആദ്യത്തേത്. മുസ്ലിം ലീഗിന്‍റെ സ്ഥാപനങ്ങളെ കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചുവെന്നും തവനൂര്‍ എം.എല്‍.എ ആരോപിച്ചു.
'പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ സംഘം'
ഇതുസംബന്ധിച്ച് പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് മൊഴിയെടുത്തെന്ന് അന്വേഷണസംഘത്തിന്‍റെ നോട്ടീസ് പുറത്തുവിട്ട് ജലീൽ പറഞ്ഞു. നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹസിഖി പാണ്ടിക്കടവത്തിന്‍റേതാണ്. കുഞ്ഞാലിക്കുട്ടിയുടെ സംഘത്തിന്‍റെ കുത്സിത പ്രവൃത്തികളാണ് ആദായ നികുതി വകുപ്പ് നടപടിക്ക് കാരണമെന്നും കെ.ടി ജലീല്‍ ഉന്നയിച്ചു.
എ.ആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ ഗുരുതര ആരോപണം ജലീല്‍ നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് വിഷയം ചൂടുപിടിച്ചത്. ചൊവ്വാഴ്ച ഇക്കാര്യമുന്നയിച്ച് കെ.ടി ജലീലും പി.കെ കുഞ്ഞാലിക്കുട്ടിയും സഭയില്‍ കൊമ്പുകോര്‍ത്തു. പിന്നാലെയാണ് ബുധനാഴ്ച ജലീല്‍ തെളിവ് പുറത്തുവിട്ടത്.
ALSO READ: കള്ളപ്പണം വെളുപ്പിക്കാന്‍ ലീഗിന്‍റെ സ്ഥാപനങ്ങളെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചെന്ന് കെ.ടി. ജലീൽ