കോഴിക്കോട്: കോളജ് കാലം മുതലുള്ള നാടക അഭിനയമാണ് തന്നെ സിനിമയിലേക്കും എത്തിച്ചതെന്ന് നടനും നിര്‍മാതാവും വ്യവസായിയുമായ എ.വി അനൂപ്. ശ്രീനാരായണ ഗുരുവുമായി അടുത്ത ബന്ധമുള്ള കുടുംബമായത് കൊണ്ട് തന്നെയാണ് 'യുഗപുരുഷൻ' എന്ന സിനിമ ചെയ്‌തതെന്നും കോഴിക്കോട് ഇടിവി ഭാരത് പ്രതിനിധിയോട് എ.വി അനൂപ് വ്യക്തമാക്കി.
ഏതാനും നല്ല സിനിമകള്‍ ചെയ്യാനായെന്ന സംതൃപ്‌തി തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം പോലെ നിരവധി ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ക്രിസ്ത്യൻ ബ്രദേഴ്‌സി'ന്‍റെ ഷൂട്ടിങ് സമയത്ത് ബഡ്‌ജറ്റ് അതിരു കടന്നെന്ന് ചൂണ്ടിക്കാണിച്ച് നിർമ്മാതാക്കളുടെ സംഘടന നിർമ്മാണം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടു.
വിലക്ക് നീങ്ങി പദ്ധതി പുനരാരംഭിച്ചപ്പോൾ നിർമ്മാണ ചെലവ് പതിന്മടങ്ങ് വർധിച്ചു. എന്നാൽ ഇപ്പോൾ മലയാള സിനിമ ലോകത്ത് ആയിരം കോടിയും ഒന്നുമല്ലെന്ന് അനൂപ് പറയുന്നു. സിനിമയുമായി എന്ത് പ്രതിസന്ധി സംഭവിച്ചാലും പ്രത്യക്ഷത്തിൽ ബാധിക്കുന്നത് നിർമ്മാതാവിനെയാണ്.
25 ഫീച്ചർ സിനിമകള്‍ ചെയ്‌തതിൽ കൂടുതലും വിജയിച്ചു. എന്നാൽ നിർമ്മാണത്തിന്‍റെ ബാലൻസ് ഷീറ്റ് നഷ്‌ടത്തിന്‍റേതാണെന്നും എന്നാൽ എന്ത് സംഭവിച്ചാലും കണക്ക് കൂട്ടലുകൾ തെറ്റി എന്ന് പറഞ്ഞ് മാറി നിൽക്കാറാണ് പതിവെന്നും അനൂപ് പറഞ്ഞു.
ഒരു സംരംഭകനെ സംബന്ധിച്ച് അനുകൂലമായ സ്ഥലമാണ് കേരളം. ഇന്ത്യയിലെ പൊതു സ്വഭാവം ഇത് തന്നെയാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ വ്യവസായം തുടങ്ങുന്നവർ കേരളത്തിലേത് നിലനിർത്തി കൊണ്ടാണ് പുതിയയിടം കണ്ടെത്തുന്നത്. അതുകൊണ്ട് കേരളത്തിലേത് അനുകൂല അന്തരീക്ഷമല്ല എന്ന് പറയുന്നത് ശരിയല്ല. നിരവധി റെയ്‌ഡുകൾ നേരിട്ടിട്ടും ഒരു തട്ടിപ്പോ വെട്ടിപ്പോ കണ്ടെത്താൻ ഒരു ഏജൻസിക്കും കഴിഞ്ഞിട്ടില്ല. അത് തന്നെയാണ് തന്‍റെ ബലമെന്നും രാഷ്‌ട്രീയ പ്രവേശം ചിന്തയിൽ ഇല്ലെന്നും എ.വി അനൂപ് കൂട്ടിച്ചേർത്തു.
സിനിമയും നാടകവും എന്നും പ്രിയം: വ്യവസായം അടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തില്‍ സജീവമായ വ്യക്തിയാണ് എവി അനൂപ്. മെഡിമിക്‌സ്, സഞ്ജീവനം, മേളം തുടങ്ങി നിരവധി വ്യവസായങ്ങള്‍ ഏറെണ്ട്. വ്യവസായങ്ങളുമായി എപ്പോഴും തിരക്കേറിയ ജീവിതമാണെങ്കില്‍ സിനിമയോടും നാടകത്തോടുമുള്ള താത്‌പര്യം നിലനിര്‍ത്തുന്നയാളാണ് എ.വി അനൂപ്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സിനിമ സ്‌ക്രിപ്‌റ്റ് എഴുതി ഗിന്നസ് റെക്കേര്‍ഡ് നേടിയയാളാണ് എ.വി അനൂപ്. സിനിമയിലും നാടകത്തിലും വ്യവസായ രംഗത്തും നിരവധി ജീവിതാനുഭവങ്ങള്‍ ഉള്ള അനൂപ് തന്‍റെ ഓര്‍മ കുറിപ്പുകളെല്ലാം ചേര്‍ന്ന് യൂ ടേണ്‍ എന്ന പുസ്‌തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
also read: ഓര്‍മകളിലേക്കൊരു 'യൂ ടേണ്‍', 'നേരായ പാത തെരഞ്ഞെടുക്കൂ' ; എവി അനൂപിന്‍റെ ജീവിത കഥ പ്രസിദ്ധീകരിച്ചു