കോഴിക്കോട് : മോട്ടോർ വാഹന വകുപ്പ് കസ്‌റ്റഡിയിലെടുത്ത ബസിന്‍റെ നികുതി കുടിശ്ശിക ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടച്ചു. രണ്ട് ഇൻഡിഗോ ബസുകള്‍ക്കായി 86,940 രൂപയാണ് മോട്ടോര്‍വാഹന വകുപ്പ് ഈടാക്കിയത്. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ഇൻഡിഗോ എയർലൈൻസിന്‍റെ ബസുകളിൽ നിന്നാണ് പിഴ സഹിതം ഈടാക്കിയത്.
ഫറോക്കിലെ വർക്ഷോപ്പിൽ നിന്ന് പിടികൂടിയ ബസിന് 42,150 രൂപയും വിമാനത്താവളത്തിൽ സർവീസ് നടത്തിയിരുന്ന വാഹനത്തിന് 44,790 രൂപയുമാണ് ഇൻഡിഗോ അടച്ചത്. കസ്‌റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. വിമാനത്താവളത്തിനകത്ത് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സാധാരണ രജിസ്ട്രേഷൻ ആവശ്യമില്ല.
എന്നാൽ ഇന്നലെ പിടികൂടിയ ബസ് നേരത്തെ രജിസ്‌റ്റർ ചെയ്‌തതാണ്. ഇത്തരത്തിൽ രജിസ്‌റ്റർ ചെയ്‌ത വാഹനങ്ങൾ ടാക്‌സ് അടയ്ക്കാതെ സർവീസ് നടത്തുന്നുണ്ടോ എന്ന പരിശോധനയിലാണ് ബസ് കസ്‌റ്റഡിയിലെടുത്തത്. ഇപി ജയരാജന് വിമാനയാത്രാ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോയ്ക്കെതിരെ നടപടിയെടുത്തതില്‍ മോട്ടോര്‍വാഹന വകുപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു.