കോഴിക്കോട്: ഭര്‍ത്താവിന്‍റെ മര്‍ദനത്തില്‍ കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒടുവില്‍ നീതി. വിവാഹം കഴിഞ്ഞ് പിറ്റേമാസം മുതല്‍ 12 വര്‍ഷത്തിലേറെയായി ഇവര്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദനമേറ്റു വരികയായിരുന്നു. ഇതിനിടയില്‍ 40 ലേറെ തവണ പൊലീസില്‍ പരാതി നല്‍കി. പക്ഷേ ഒന്നില്‍ പോലും പൊലീസ് നടപടിയെടുക്കുകയോ ഭര്‍ത്താവിനെ താക്കീത് നല്‍കുകയോ ചെയ്തില്ല.
ഒടുവില്‍ കഴിഞ്ഞ ആഴ്ചത്തെ മര്‍ദനം വീഡിയോ സഹിതം മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഇതോടെ ഒരു വ്യാഴവട്ടകാലം അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസ് കണ്ണുതുറന്നു. മര്‍ദകനായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ ശ്യാമിലിയാണ് പരാതിക്കാരി. ഇവരുടെ ഭര്‍ത്താവ് നിധീഷാണ് പ്രതി.
ഭര്‍ത്താവിന്‍റെ പീഡനത്തില്‍ മനംനൊന്ത് വീടു വിട്ടിറങ്ങിയ ഇവര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 14മുതല്‍ സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസം. ഉപജീവനത്തിനായി തെരുവില്‍ മത്സ്യക്കച്ചവടം നടത്തുന്നിടെ അവിടെയും എത്തി നീധീഷ് മര്‍ദിച്ചതോടെ കണ്ടു നിന്നവര്‍ അക്രമം വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ശ്യാമിലിയെ ആക്രമിക്കുന്നതിനിടെ ഇവരുടെ സ്കൂട്ടറും നിധീഷ് തല്ലിത്തകര്‍ത്തിരുന്നു. പണം ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ മര്‍ദനം. നടക്കാവ് പൊലീസാണ് അക്രമിയെ അറസ്റ്റ് ചെയ്തത്.
മൂന്ന് പെണ്‍കുട്ടികളുടെ അമ്മ കൂടിയാണ് ശ്യാമിലി.