കോഴിക്കോട് : ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജിലെത്തിയപ്പോൾ മോഷണം നടത്തിയെന്ന് ആരോപിക്കപ്പെട്ട ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മെഡിക്കൽ കോളജ് പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21 ന് പരിഗണിക്കും.
അതേസമയം ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ യുവാവിനെതിരെ ആൾക്കൂട്ട മർദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. യുവാവിന് മേൽ മോഷണ കുറ്റം ആരോപിച്ചെങ്കിലും പരാതിക്കാർ ഇല്ലെന്ന് മെഡിക്കൽ കോളജ് എസിപി കെ സുദർശനൻ ഇ ടി വി ഭാരതിനോട് പറഞ്ഞു. സംഭവത്തിൽ ആരോപണ വിധേയരായ സുരക്ഷ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യക്കൊപ്പം എത്തിയ ആദിവാസി യുവാവ് ഇന്നലെയാണ് ആത്‌മഹത്യ ചെയ്‌തത്. മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ വിശ്വനാഥന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വിശ്വനാഥൻ രണ്ടുദിവസം മുമ്പ് മെഡിക്കൽ കോളജ് മാതൃശിശു വിഭാഗത്തിൽ എത്തിയത്. ആശുപത്രിക്ക് പുറത്ത് ഇരിക്കുകയായിരുന്ന വിശ്വനാഥനെ മോഷണക്കുറ്റം ചുമത്തി സെക്യൂരിറ്റി ജീവനക്കാർ അടക്കം ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ആത്‌മഹത്യ ചെയ്‌തത് എന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി വിശദമായി പരിശോധിച്ചതിന് ശേഷമേ തുടർ നടപടികളിലേക്ക് കടക്കാനാകൂ എന്ന് എസിപി വ്യക്തമാക്കി.