കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകളോളം തടഞ്ഞ് വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ റിമാന്‍റിൽ. നാദാപുരം ബസ് സ്റ്റാന്‍റിന് പിന്‍വശത്തെ റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റ് പാത്രപ്പുരയിലെ ജീവനക്കാരനായ പുളിയാവ് സ്വദേശി പാറോളിക്കണ്ടിയില്‍ കുഞ്ഞബ്ദുള്ള (54), പുറമേരി മുതുവടത്തൂര്‍ സ്വദേശി ആയനിതാഴെ കുനി സമദ് (25) എന്നിവരെയാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇ.രഞ്ജിത്ത് രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. തൂണേരി സ്വദേശിയായ യുവതിയെയാണ് ബില്ലില്‍ ചേര്‍ക്കാത്ത സാധനങ്ങള്‍ എടുത്തെന്നാരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ബുധനാഴ്ച തടഞ്ഞു വെച്ചത്. രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയാണ് ഭക്ഷണമോ വെള്ളമോ നല്‍കാതെയായിരുന്നു ജീവനക്കാരുടെ നടപടി.
സംഭവം പുറത്തറിഞ്ഞതോടെ നാദാപുരത്തും കല്ലാച്ചിയിലും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും കല്ലാച്ചിയില്‍ പൊലീസ് ലാത്തി വീശുകയും ചെയ്‌തിരുന്നു. നാദാപുരം എ എസ് പി സ്റ്റേഷനില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടർന്ന് കുറ്റക്കാരായ ജീവനക്കാരെ കടയിലെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ യോഗത്തില്‍ തീരുമാനമായി. സൂപ്പര്‍മാര്‍ക്കറ്റ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ അസത്യ പ്രചരണം അഴിച്ച് വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കട തുറന്ന് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. കല്ലാച്ചിയിലുണ്ടായ അക്രമ സംഭവത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.