കോഴിക്കോട്: മുക്കത്തെ മലയോരം ഗേറ്റ്‌വേ ബാർ ഹോട്ടലില്‍ വ്യാജ മദ്യം വിറ്റു. ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജണല്‍ കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് വ്യാജ മദ്യമാണെന്ന് കണ്ടെത്തിയത്. മദ്യം കഴിച്ചതിന് ശേഷം ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. ലാബ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭിച്ചു. മെയ് 29ന് മലയോരം ബാറില്‍ നിന്ന് ത്രിബിള്‍ എക്‌സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് എക്സൈസില്‍ പരാതി നല്‍കി. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ലാബിലേക്ക് അയക്കുകയായിരുന്നു.
ഒരു കുപ്പിയില്‍ ആല്‍ക്കഹോളിന്‍റെ വീര്യം പരമാവധി 42.18 ശതമാനമേ ഉണ്ടാകാന്‍ പാടുള്ളൂ. ബാറില്‍ നിന്ന് പരിശോധനക്ക് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കഹോളിന്‍റെ അളവ്. സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍പന നടത്തിയ മദ്യത്തില്‍ എങ്ങനെ മായം ചേര്‍ത്തുവെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ. എക്‌സൈസ് ഓഫിസിൽ നിന്നും എന്തോ തെറ്റു സംഭവിച്ചതാവാം അല്ലെങ്കിൽ പരിശോധിച്ച ലാബിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബാറുടമയുടെ വിശദീകരണം.