തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജ് (Veena George) ഇന്ന് കോഴിക്കോട് ജില്ലയില്‍. പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ നിപ വൈറസ് (Nipah Virus) ബാധ സംശയിക്കുന്ന സാഹചര്യത്തിലാണ് (Nipah Virus Suspected in Kozhikode) മന്ത്രിയുടെ സന്ദര്‍ശനം. ജില്ലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്ന മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗവും ചേരുന്നുണ്ട്.
പനി ബാധിച്ച് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 49കാരനും മകനും കഴിഞ്ഞ ദിവസമായിരുന്നു മരിച്ചത്. ഇവര്‍ക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ ഇവരുടെ ഒരു ബന്ധുവും പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കൂടാതെ, ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ച് പേര്‍ക്കും പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ജില്ലയില്‍ വീണ്ടും നിപ ബാധയെന്ന സംശയത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്. ഇവരുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇതിന്‍റെ ഫലം ഇന്ന് (സെപ്‌റ്റംബര്‍ 12) ഉച്ചയോടെ ലഭിക്കും. കേരളത്തില്‍ നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശധമായ പരിശോധനയ്‌ക്കായി സാമ്പിളുകള്‍ കേന്ദ്ര ലാബിലേക്ക് അയച്ചത്.
അതേസമയം, ആദ്യം നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ അടിയന്തര ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശവും ആരോഗ്യ വകുപ്പ് നല്‍കി. നിപ ബാധ സംശയിക്കുന്ന സ്ഥലത്ത് ആരോഗ്യ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 49കാരന്‍ മരിച്ചത്. പിന്നാലെയാണ് ഇയാളുടെ മകനെയും സമാന ലക്ഷണങ്ങളോടെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആയിരുന്നു ഇയാളുടെയും മരണം.
തുടര്‍ന്ന്, ഇവരുടെ അടുത്ത ബന്ധുവും സമാന ലക്ഷണങ്ങളോടെ പനിക്ക് ചികിത്സ തേടി. ഇതോടെയാണ് നിപ ആശങ്ക വീണ്ടും ഉടലെടുത്തത്. നിലവില്‍ നിപ സംശയത്തോടെ ചികിത്സയില്‍ കഴിയുന്നവരെല്ലം മരിച്ച അച്ഛനും മകനുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ്.
സംസ്ഥാനത്ത് ഇതിന് മുന്‍പ് നേരത്തെ രണ്ട് പ്രാവശ്യം നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് (Nipah Virus Kerala). 2018ലാണ് കേരളത്തില്‍ ആദ്യമായി നിപ വൈസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തത്. അന്ന് 18 പേരായിരുന്നു മരിച്ചത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു ആദ്യം നിപ റിപ്പോര്‍ട്ട് ചെയ്‌തത്. പിന്നീട് 2021ലാണ് വീണ്ടും കേരളത്തില്‍ നിപ സ്ഥിരീകരിച്ചത്. അന്ന് വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ചെയ്‌തിരുന്നു.