കോഴിക്കോട്: കടൽഭിത്തി നിർമാണം വൈകുന്നതിനെ തുടര്‍ന്ന് കോഴിക്കോട് ഗോതീശ്വരം തീരദേശ റോഡ് കടലെടുക്കുന്നു. 25 വർഷമായി കടൽഭിത്തി നിർമാണം മുടങ്ങിക്കിടക്കുകയാണ്. ആറ് മാസം മുമ്പ് കോർപ്പറേഷന്‍ പദ്ധതിപ്രകാരം റോഡ് നവീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിൽ തീരപ്രദേശത്തെ റോഡ് വീണ്ടും ഇടിയുകയായിരുന്നു. പലയിടത്തും റോഡിന്‍റെ ടാറിങ്ങും തകര്‍ന്നിട്ടുണ്ട്.
കടൽഭിത്തി നിർമിച്ചില്ലെങ്കിൽ ഇനിയും റോഡ് തകരുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ. ഗോതീശ്വരം ക്ഷേത്രത്തിലേക്കും മറ്റുമായി ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണ് പാതി തകർന്ന നിലയിലുള്ളത്. കടലിന് സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ ചെറിയൊരു തിരയിളക്കം ഉണ്ടാകുമ്പോൾ പോലും റോഡിലേക്ക് വെള്ളം കയറും. കരയിടിച്ചിലും രൂക്ഷമായി തുടരുകയാണ്. കടൽക്ഷോഭ സമയത്ത് വെള്ളത്തിനൊപ്പം മണ്ണും റോഡിൽ അടിഞ്ഞുകൂടി ഗതാഗതം തടസ്സപ്പെടുകയാണ്.
മാറാട് കൈത വളപ്പ് മുതൽ ശ്മശാനം വരെ ഗാബിയോൺ ബോക്സ് മാതൃകയിൽ ഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും 600 മീറ്റർ ഇനിയും നിർമിക്കാനുണ്ട്. പ്രദേശത്തെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. നൂറോളം വീടുകളാണ് കടൽഭിത്തി നിർമിക്കാത്ത പ്രദേശത്തുള്ളത്. കടൽ ഭിത്തി നിർമിക്കുന്നതിനായി അധികൃതര്‍ക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് തീരദേശവാസികളുടെ പരാതി.