കോഴിക്കോട്: മുല്ലപ്പെരിയാൽ ഡാം വീണ്ടും വാർത്തയിൽ ഇടംപിടിച്ചപ്പോൾ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്‍റെ നിർമാണം തമിഴ്‌നാടിനെ ഏൽപ്പിക്കുന്നതാകും നല്ലതെന്നാണ് പേരടിയുടെ അഭിപ്രായം. പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് എന്നിവയുടെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയുന്നത്. തമിഴ്‌നാടാവുമ്പോള്‍ നല്ല ഡാം ഉണ്ടാക്കും. ഇതോടെ കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാമെന്നുമാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടി കടന്നിട്ടുണ്ട്. ഇതോടെ പെരിയാറിൻ്റെ തീരത്തുള്ളവർക്ക് ഒരു ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. വെള്ളം138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും.
അതേസമയം മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങൾ പരാജയമെന്നും ചൂണ്ടിക്കാട്ടിയുള്ള രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്...പക്ഷെ നിർമ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്...
പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിന്‍റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്...തമിഴ്‌നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും. കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം...അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും.