കോഴിക്കോട്: കഴിഞ്ഞ ദിവസം പിടിയിലായ കുട്ടികളുള്‍പ്പെട്ട മോഷണ സംഘം നഗരത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായി പൊലീസ് കണ്ടെത്തി. ബൈക്കുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കം സംഘം മോഷ്‌ടിച്ചത് വന്‍ തുകയുടെ സാധനങ്ങളാണ്. ഇതില്‍ മിക്കതും പ്രതികളില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെടുത്തു. സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം സംഘത്തെ വലയിലാക്കിയത്. മുഖദാര്‍ സ്വദേശികളായ മുഹമ്മദ് അറഫാന്‍, മുഹമ്മദ് അജ്‌മല്‍ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളുമാണ് പൊലീസ് പിടിയിലായത്.
പന്നിയങ്കര ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും പണവും, ഇലക്ട്രോണിക് സാധനങ്ങളും മോഷണം നടത്തിയത് ഇവരാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നിരവധി ബൈക്കുകളും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. രക്ഷിതാക്കള്‍ ഉറങ്ങിയ ശേഷം നൈറ്റ് റൈഡ് ഫണ്ടിങ്ങ് എന്ന പേരില്‍ ചുറ്റി കറങ്ങി മോഷണം നടത്തുകയായിരുന്നു കുട്ടികളെന്ന് പൊലീസ് പറഞ്ഞു. മോഷ്‌ടിച്ച വസ്‌തുക്കള്‍ രഹസ്യ സ്ഥലങ്ങളില്‍ വെച്ച് വീട്ടിലെത്തുകയാണ് കുട്ടികളുടെ പതിവ്.
പകല്‍ സമയങ്ങളില്‍ ശ്രദ്ധയില്‍പ്പെടുന്ന ബൈക്കുകള്‍ അര്‍ധരാത്രിയില്‍ മോഷ്‌ടിക്കുകയാണ് ഇവരുടെ പതിവ്. മോഷണം നടത്തിയ ബൈക്കുകള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് മനസിലായാല്‍ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയോ വില്‍പന നടത്തുകയോ ആണ് സംഘം ചെയ്യുന്നത്. സംഘത്തലവനായ അറഫാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വാഹനങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി വരികയാണ്.
പാലക്കോട്ടു വയലിലേയും ജനത റോഡിലുമുള്ള വീടുകളില്‍ നിന്നും മോഷണം നടത്തിയ ആര്‍ എക്‌സ് 100 ബൈക്കുകളും, മൂഴിക്കലില്‍ നിന്ന് മോഷണം നടത്തിയ ബൈക്കും പുവ്വാട്ടുപറമ്പില്‍ നിന്നും മോഷ്‌ടിച്ച പള്‍സര്‍ 220 ബൈക്കും, വട്ടാം പൊയിലില്‍ നിന്നും മോഷ്‌ടിച്ച ആര്‍എക്‌സ് ബൈക്കും കാളൂര്‍ റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും നാലു ലക്ഷത്തിലധികം രൂപയും, പിവിഎസ് ആശുപത്രിക്കടുത്തെ ഷോപ്പില്‍ നിന്നും മോഷ്‌ടിച്ച സ്‌മാര്‍ട്ട് വാച്ചുകളും, മൊബൈല്‍ ഫോണുകളും, മാത്തോട്ടം ഓവര്‍ ബ്രിഡ്‌ജിന് സമീപത്തെ വീട്ടില്‍ നിന്നും മോഷ്‌ടിച്ച ആര്‍എക്‌സ് ബൈക്കും, ക്വറിയര്‍ സ്ഥാപനങ്ങളില്‍ നിന്നും മോഷ്‌ടിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയും ബൈക്കുകള്‍ കണ്ടെടുക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുന്ന കുട്ടികളെക്കുറിച്ചും പിടികൂടാതിരിക്കുന്നതിനായി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിക്കുന്ന സംഘത്തെക്കുറിച്ചും വ്യക്തമായ സൂചന കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്.