കോഴിക്കോട്:കൂടത്തായി കൊലപാതക കേസ് പൊലീസിന് വലിയ വെല്ലുവിളിയാണെങ്കിലും നിലവിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികൾക്ക് തക്കതായ ശിക്ഷ നൽകാൻ പൊലീസിന് സാധിക്കുമെന്ന് മുൻ എസ്.പി എൻ. സുഭാഷ് ബാബു. ശാസ്ത്രീയ പരിശോധനകൾ കേസിൻ്റെ തെളിവ് ശേഖരണത്തിന് ഏറെ ഗുണം ചെയ്യും. വിദേശത്ത് നടത്തുന്ന പരിശോധന ഫലം കോടതി സ്വീകരിക്കില്ലെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കേസിൻ്റെ ഏറ്റവും വലിയ വെല്ലുവിളി കാലപ്പഴക്കമാണെന്നും ഇത്രയും കാലം കഴിഞ്ഞ കേസിൽ തെളിവ് ശേഖരിക്കുകയെന്നത് പൊലീസിന് പ്രയാസമായിരുന്നുവെന്നും എൻ. സുഭാഷ് ബാബു പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രാഥമികമായി ആവശ്യമുള്ള എല്ലാ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധന ഫലം കൂടി വരുമ്പോൾ ഇവ കൂടുതൽ ബലപ്പെടും.പരമ്പരയായി നടത്തിയ കൊലപാതകങ്ങൾ കോടതി പ്രത്യേകമായി പരിഗണിച്ച് പരമാവധി ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുൻ എസ്.പി പറഞ്ഞു.