കോഴിക്കോട്: ബിഎസ്എൻഎല്ലിൽ എക്സിക്യൂട്ടീവ് എൻജിനീയറായി വിരമിക്കുമ്പോൾ ജോലി ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ശ്യാം കുമാർ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. നീണ്ട 25 വർഷക്കാലമാണ് ഈ അമ്പത്തൊന്നുകാരന്‍ ബിഎസ്എൻഎല്ലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി ശ്യാമിന് ജോലിയില്ല. താനടക്കമുള്ള തൊഴിലാളികളുടെ കരാർ പുതുക്കാത്തതിനാൽ ഇനി ജോലിക്ക് വരേണ്ടെന്നാണ് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചത്. ഇതേ തുടർന്ന് തൊഴിൽ നഷ്ടമായ പലരും മറ്റ് ജോലികള്‍ ചെയ്ത് തുടങ്ങി.
വെസ്റ്റ്ഹിൽ സ്വദേശിയായ ശ്യാം രണ്ടു മാസം മുമ്പാണ് പാളയം ജങ്ഷന് സമീപം പെട്ടിക്കട എടുത്തത്. 4000 രൂപ കോർപ്പറേഷനിലേക്കുള്ള വാടക അടച്ചു കഴിഞ്ഞാൽ പിന്നെ വരുമാനമായി ഒന്നുമുണ്ടാവില്ലെന്നാണ് ശ്യാം പറയുന്നത്. ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് കുടിശികയുള്ള ആറ് മാസത്തെ ശമ്പളമെങ്കിലും ലഭിച്ചാൽ വലിയ ആശ്വാസമാകുമെന്നാണ് ശ്യാം പറയുന്നത്. വർഷങ്ങളോളം തൊഴിലെടുത്തവരെ പിരിച്ചു വിടുമ്പോൾ ചെറിയ അനുകൂല്യങ്ങൾ നൽകുന്നത് കേരളത്തിൽ പതിവാണ്. ഇത്തരത്തിൽ ഒരു ചെറിയ ആനുകൂല്യമെങ്കിലും നൽകിയാൽ തങ്ങളുടെ പ്രയാസം ഒരു പരിധി വരെ ഇല്ലാതാവുമെന്നാണ് തൊഴിലാളികൾ പറയുന്നത്.