കോഴിക്കോട്: കനത്ത മഴയിൽ മേഖലയിൽ ജലനിരപ്പ് ഉയർന്നതോടെ വിഷ്ണുമംഗലം ബണ്ടിന്‍റെ ഷട്ടറുകൾ ഉയർത്തി. വെള്ളിയാഴ്ച രാവിലെ ജല അതോറിറ്റി ജീവനക്കാർ എത്തിയാണ് ഷട്ടറുകൾ ഉയർത്തിയത്.
സാധാരണയായി ജൂൺ മാസത്തിൽ കാലവർഷം എത്തുന്ന മുറക്കാണ് ഷട്ടർ ഉയർത്താറുള്ളത്. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഇത്തവണ കനത്ത മഴയാണ് മലയോരത്തും ബണ്ടിൻ്റെ വൃഷ്ടി പ്രദേശത്തും ലഭിച്ചത്. ഇതോടെ പുഴയിൽ നീരൊഴുക്ക് വർദ്ധിക്കുകയും ബണ്ട് നിറയുകയുമായിരുന്നു. ബണ്ട് നിറഞ്ഞതോടെ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ചെറുമോത്ത്, ജാതിയേരി ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതിനിടെ ഷട്ടർ ഉയർത്താത്ത ജല അതോറിറ്റി നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെ ഷട്ടർ ഉയർത്താൻ ജല അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
READ MORE: പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ.. വില നിശ്ചയിച്ച് സർക്കാർ
അതേസമയം ബണ്ടിൽ അടിഞ്ഞ് കൂടിയ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി ഇത്തവണയും നടന്നില്ല. പുഴയിലെ വെള്ളം വറ്റുന്ന നിലക്ക് പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ വേനൽ മഴ കനത്തതോടെ പുഴയിൽ വെള്ളം ഉയർന്നത് ചെളിനീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തടസ്സമാവുകയായിരുന്നു. മൂന്ന് വർഷമായി പ്രദേശവാസികളും പുഴ സംരക്ഷണ സമിതിയും ആവശ്യപ്പെടുന്നതാണ് പുഴയിലെ ചെളിനീക്കം ചെയ്യണം എന്നുള്ളത്. എന്നാൽ ഇത്തവണയും പ്രവൃത്തി നടത്താത്തത് ബണ്ടിൻ്റെ സംഭരണ ശേഷിയെ കാര്യമായി ബാധിക്കും. കൂടാതെ ചെറിയ മഴയിൽ പോലും വളയം, നാദാപുരം പഞ്ചായത്തുകളിലെ ബണ്ടി നോടടുത്ത ഭാഗങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതിയിലാണ് പ്രദേശ വാസികൾ. വടകര മുൻസിപ്പാലിറ്റി ഉൾപ്പെടെ ഏഴോളം പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കുടിവെള്ളമെത്തിക്കുന്നത് വിഷ്ണുമംഗലം ബണ്ടിൽ നിന്നാണ്.