കോഴിക്കോട് : കുറ്റ്യാടി - വടകര സംസ്ഥാന പാതയിൽ കടകളിൽ വൻ തീപിടിത്തം. രണ്ട് കടകൾ കത്തി ചാമ്പലായി. ശനിയാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വേളം സ്വദേശി സിദ്ദിഖിന്‍റെ ഉടമസ്ഥതയിലുള്ള ചന്ദനമഴ ആദായ വിൽപന ഷോറൂമിലും മുല്ല ഷോപ്പിലുമാണ് തീപിടിത്തമുണ്ടായത്.
കടയിൽ സൂക്ഷിച്ച അലങ്കാര വസ്‌തുക്കൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങളായ പ്ലാസ്റ്റിക് വസ്‌തുക്കൾ, ചെരിപ്പുകൾ എന്നിവ പൂർണമായി കത്തി നശിച്ചു. ചന്ദനമഴ കടയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ രണ്ട് കടകൾ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്.
നാദാപുരം, പേരാമ്പ്ര, വടകര നിലയങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സെത്തി തീ അണക്കുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കുകയും ചെയ്‌തതിനാൽ വൻ ദുരന്തം ഒഴിവായി. തീ പിടിത്തത്തെ തുടർന്ന് സംസ്ഥാന പാതയിൽ വൻ ഗതാഗത കുരുക്കും ഉണ്ടായി. നാല് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം ഒരു മണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലം സന്ദർശിച്ചു.