കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയോടൊപ്പം വേദികളിൽ തിളങ്ങിയതോടെയാണ് ഫസീല അറിയപ്പെട്ട് തുടങ്ങിയത്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്ത് സ്വദേശിയായ ഫസീല വിളയിൽ വത്സല എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്.
'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്‍റെ രചനയായ 'അഹദോനായ പെരിയോനേ....' എന്ന ഗാനം എം.എസ്. വിശ്വനാഥന്‍റെ സംഗീതത്തിൽ വിളയിൽ വത്സല ആദ്യമായി പാടി. മൈലാഞ്ചി, 1921 എന്നീ സിനിമകളിലും പാടിയിട്ടുണ്ട്. ഒപ്പം സ്വദേശത്തും വിദേശത്തും നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് നേടിയിട്ടുണ്ട്.
മലബാറിലെ മുസ്‌ലിം വീടുകളിൽ കല്യാണമുണ്ടെങ്കിൽ തലേന്ന് രാത്രി വരന്‍റെ വീടുകളിൽ വി.എം കുട്ടിയും മൂസ എരഞ്ഞോളിയും പീർ മുഹമ്മദും എസ്.എ ജമീലുമൊക്കെയാണെങ്കിൽ വധുവിന്‍റെ വീടുകളിൽ അത് വിളയിൽ ഫസീലയും മുക്കം സാജിദയും റംല ബീഗവും ആയിരുന്നു.
സംഗീതം പഠിക്കാതെ സാഹിത്യ സമാജങ്ങളിൽ നിന്നും പാടി ഉയർന്നുവന്ന ഗായിക. അക്ഷര സ്‌ഫുടത കൊണ്ടും അറബിയിലെ ഉച്ചാരണശുദ്ധി കൊണ്ടും മലയാളികളെ വിസ്‌മയിപ്പിച്ച പാട്ടുകാരി. ബുർദ കേട്ടുകേട്ടാണ് അന്ന് വിളയിൽ വത്സല അറബി ഉച്ചാരണങ്ങൾ പഠിച്ചത്. 1970-ല്‍ വിളയില്‍ പറപ്പൂര്‍ വി പി എയുപി സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ വച്ച് തുടങ്ങിയ ആലാപനം പിന്നീട് മാപ്പിളപ്പാട്ടിന്‍റെ മാധുര്യമായി മാറി. അന്നും ഇന്നും മാപ്പിളപ്പാട്ടിന്‍റെ തരിവള കിലുക്കം എന്നുതന്നെയാണ് ഫസീലയെ വിശേഷിപ്പിക്കാനാകുക.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങളിൽ മാപ്പിളപ്പാട്ട് പാടി എകെജിയുടെയും ഇഎംഎസിന്‍റെയും അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട് ഫസീല. നിസ്‌കാരപ്പായ നനഞ്ഞു കുതിർന്നല്ലോ’, ‘കണ്ണീരിൽ മുങ്ങി ഞാൻ’, ‘പടപ്പു പടപ്പോട്’, ‘അല്ലാപ്പായുള്ളോനെ’, ‘സുബ്‌ഹാന മല്ലാഹുന’, ‘ആകെലോക കാരണ മുത്തൊളി’, ‘ഉടനെ കഴുത്തെന്റെ’, എന്നിവയൊക്കെയാണ് പ്രധാന പാട്ടുകൾ.
മാപ്പിള ആൽബം പാട്ടുകൾക്ക് വലിയ ആരാധക വൃന്ദം തന്നെ ഉണ്ട്. ഇത്തരം ഗാനങ്ങൾക്ക് മലയാളികളുടെ മനസിൽ എന്നും പ്രത്യേക സ്ഥാനമുണ്ട്. നാടന്‍പാട്ടുകള്‍ പോലെ തന്നെ സംഗീതാസ്വാദകര്‍ നെഞ്ചേറ്റിയ പാട്ട് വിഭാഗമാണ് മാപ്പിളപ്പാട്ടുകള്‍. എന്നും കല്യാണ വീടുകളില്‍ കൂടുതല്‍ ഇടം പിടിച്ചിരുന്നത് മാപ്പിള പാട്ടുകളായിരുന്നു. മാപ്പിള പാട്ടുകള്‍ സിനിമയിലൂടെ ആവിഷ്‌കരിക്കുന്നത് ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നു. കൂടുതലും ആല്‍ബം പാട്ടുകളായി പുറത്തിറങ്ങിയ മാപ്പിള പാട്ടുകള്‍ ഇന്ന് ഏറെ ശ്രദ്ധയമാവുന്നത് സിനിമകളിലൂടെയാണ്.
ALSO READ : മാപ്പിളപ്പാട്ടിന്‍റെ ഇശല്‍ പരക്കുന്ന മലയാള സിനിമ, പതിനാലാം രാവും മൈലാഞ്ചി മൊഞ്ചും തിരിച്ചെത്തുമ്പോള്‍...