കോഴിക്കോട്: യു.ഡി.എഫ്-എൽ.ഡിഎഫ് മുന്നണികൾക്ക് എതിരെയുള്ള വളരെ ശക്തമായ അഴിമതിവിരുദ്ധ വികാരം ജനങ്ങളിൽ പ്രകടമാണെന്നും അത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ മുന്നേറ്റം എല്ലാ ജില്ലകളിലും പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ പ്രതിഫലിക്കും. ഇടതുമുന്നണിക്ക് നയിക്കാൻ പോലും ആളില്ല, യു.ഡി.എഫിന്‍റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം അവരുടെ പരമ്പരാഗത വോട്ടിങ് ബാങ്കിൽ വിള്ളലുണ്ടാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇരുമുന്നണികളും തകരും. ഒരു മൂന്നാം ബദൽ തെരഞ്ഞെടുപ്പിൽ ശക്തമാകും. ഇന്ധനവില വർധനവ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന്‍റെ ആനുകൂല്യങ്ങളും കേന്ദ്ര പദ്ധതികളും സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നുതായും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മൊടക്കല്ലൂർ എ.യു.പി സ്‌കൂളിലാണ് കെ. സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയത്.