കോഴിക്കോട്: ജില്ലയില്‍ നാടും നഗരവും നാട്ടിടവഴികളുമെല്ലാം തെരഞ്ഞെടുപ്പ് ചൂടിൽ. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പ്രചരണം കൊട്ടിക്കയറുകയാണ്. സ്ഥാനാർഥികൾ വീടുകൾ തോറും വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ്. കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാല്‍ അകലം പാലിച്ചാണ് വോട്ടഭ്യർഥന. മൂന്നും നാലും തവണ വോട്ടർമാരെ വീട്ടിൽ തേടിയെത്തി വോട്ട് തേടി കഴിഞ്ഞു. അതോടൊപ്പം അഭ്യർഥന നോട്ടീസും പ്രകടനപത്രികയുമെല്ലാം വോട്ടർമാർക്ക് എത്തിച്ചുകഴിഞ്ഞു. മൈക്ക് അനൗൺസ്മെൻറ് നാട് കീഴടക്കുന്നതിനോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചാരണം കൊഴുക്കുകയാണ്. സ്ഥാനാർഥിയുടെ പേരും ചിഹ്നവും പുകഴ്ത്തലും നിറഞ്ഞ പാട്ടുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ തരംഗം തീർക്കുന്നു. ഗ്രാമ, നഗര വീഥികളിലെല്ലാം സ്ഥാനാർഥിയുടെ ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും ചിഹ്നങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
കോഴിക്കോട് കോർപ്പറേഷൻ ഏറെക്കാലമായി ഇടതുമുന്നണിയുടെ കൈയിലാണ്. ഭരണം നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും പരമാവധി സീറ്റുകൾ പിടിച്ചെടുക്കാൻ എൻഡിഎയും പോരാട്ടത്തില്‍ മുന്‍നിരയിലുണ്ട്. ജില്ലയിൽ 70 പഞ്ചായത്തുകളും 7 മുൻസിപ്പാലിറ്റികളും 12 ബ്ലോക്ക് പഞ്ചായത്തുകളും 1 ജില്ലാ പഞ്ചായത്തും ആണുള്ളത്. ജില്ലയിൽ വോട്ടെടുപ്പ് ഡിസംബർ 14 നാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും.