കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തവും കരൾ പ്രശ്‌നവും സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്രാൻസിറ്റ് വാറൻ്റുള്ള പശ്ചാത്തലത്തിൽ സി ജെഎം കോടതി ഒന്നിലെ ജഡ്‌ജി ആശുപത്രിയിൽ എത്തി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
പൊലീസിന്‍റെ വലയത്തിൽ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. മണിക്കൂറുകൾ നീണ്ട വൈദ്യ പരിശോധനയ്ക്ക് ഒടുവിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തോളം വിഭാഗങ്ങളിലെ ഡോക്‌ടർമാരാണ് ഷാരൂഖിനെ പരിശോധിച്ചത്. ആരോഗ്യനില വീണ്ടെടുക്കുന്നതിന് പിന്നാലെ പ്രതിയെ കോടതിയിൽ ഹാജരാക്കും. പിന്നാലെ ആയിരിക്കും കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഇന്ന് രാവിലെ 11 മണിയോടെ മാധ്യമങ്ങളെ കബളിപ്പിച്ച് പ്രതിയെ പൊലീസ്, മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
'ഷാരൂഖിന് പരസ്‌പരവിരുദ്ധമായ മൊഴികള്‍': പ്രതിയുടെ ദേഹത്തുള്ള മുറിവിന്‍റെ ആഴം, സ്വഭാവം, ഏത് സമയങ്ങളില്‍ പരിക്കുകൾ പറ്റി, മുറിവിന് എത്ര ദിവസത്തെ പഴക്കമുണ്ട്, പൊള്ളലേറ്റതിന്‍റെ മറ്റ് വിശദാംശങ്ങൾ എന്നിവയാണ് ഫൊറൻസിക് വിഭാഗം പരിശോധിച്ചത്. ഇതിൻ്റെ വിശദാംശങ്ങൾ പുറത്ത് വരുന്നതോടെയായിരിക്കും ഇയാൾക്ക് എങ്ങനെയൊക്കെ അപകടം സംഭവിച്ചു എന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തുക. ട്രെയിനിൽവച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ പരസ്‌പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാരൂഖ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ നൽകിയത്.
READ MORE| ട്രെയിനില്‍ തീവച്ച കേസ്; പ്രതി ഷഹറൂഖ് സെയ്‌ഫി മഹാരാഷ്‌ട്രയില്‍ പിടിയില്‍
ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് മഹാരാഷ്ട്ര എടിഎസിന് പ്രതി ആദ്യം നൽകിയ മൊഴി. എന്നാൽ, ഇതാരെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും വ്യക്തമായ ഉത്തരമില്ല. കേരളത്തിലേക്ക് വരുമ്പോൾ മുംബൈ വരെ തന്നോടൊപ്പം ഒരാളുണ്ടായിരുന്നതായി ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. എന്നാൽ, തന്‍റെ കുബുദ്ധിയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് കേരളത്തിലെ പൊലീസ് സംഘത്തിനോട് സെയ്‌ഫി പറഞ്ഞത്.
മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്: എന്തിന് കേരളത്തിലെത്തി ആക്രമണം നടത്തി എന്നതിനെക്കുറിച്ചും ഇയാൾക്ക് വ്യക്തമായ മറുപടിയില്ല. ഇയാൾക്കെന്തെങ്കിലും മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് കരുതുന്നില്ല. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് കുറെക്കൂടി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കേരളത്തിൽ മുന്‍പ് എത്തിയില്ലെന്ന മൊഴിയിലും പൊലീസിന് വിശ്വാസമില്ല. കോഴിക്കോടേക്കുള്ള ജനറൽ കംപാർട്മെന്‍റിൽ ടിക്കറ്റുമായാണ് ഡല്‍ഹിയില്‍ നിന്നും ട്രെയിൻ കയറിയത്. എന്നാൽ, കേരളത്തിൽ എവിടെ ഇറങ്ങിയെന്ന് അറിയില്ല.
ALSO READ| വിനയായത് രണ്ടാം ഫോൺ; ഷഹറൂഖിനെ കേരള പൊലീസിന് കൈമാറി, എൻഐഎ വരെ ഇടപെട്ട കേസിന്‍റെ അന്വേഷണ വഴിയിങ്ങനെ
മൂന്ന് കുപ്പി പെട്രോൾ വാങ്ങിയത് കേരളത്തിലെത്തിയതിന് ശേഷമാണ്. കൈയിലുണ്ടായിരുന്ന ലൈറ്റര്‍ ഉയോഗിച്ചാണ് തീയിട്ടത്. ആക്രമണത്തിന് ശേഷം അതേ വണ്ടിയിൽ തന്നെ കണ്ണൂരിലെത്തി പ്ലാറ്റ്‌ഫോമിൽ ആരും കാണാതെ നിന്നു. പുലർച്ചെ 1.40നുള്ള മരുസാഗർ - അജ്‌മീർ വണ്ടിയിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.