കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്നും ലഭിച്ച ബാഗ് പ്രതി ഷാരൂഖ് സെയ്‌ഫിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണസംഘം. നോട്ടുബുക്കിലും പോക്കറ്റ് ഡയറിയിലും കണ്ടെത്തിയ കയ്യക്ഷരം പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ട്രെയിനിൽ ആക്രമണം നടത്തിയത് താനാണെന്ന് പ്രതി നേരത്തെ തന്നെ കുറ്റസമ്മതം നടത്തിയിരുന്നെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എഡിജിപി എംആർ അജിത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ| ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്‌ഫി റിമാൻഡില്‍, ആരോഗ്യനില തൃപ്‌തികരം, ജയിലിലേക്ക് മാറ്റും
പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതൊരു നീണ്ട പ്രക്രിയയാണ്. എല്ലാ പ്രതികളെയും പോലെയാണ് ഇയാളും. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്‌ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഇപ്പോഴും പ്രാഥമികഘട്ടത്തിൽ ആണെന്നുള്ള പതിവ് ഉത്തരം തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോഴും തുടരുന്നത്.
മുഴുവൻ മാധ്യമങ്ങളെയും അകലെ മാറ്റിനിർത്തി പ്രതിയെ കൊണ്ടുപോവുന്ന സമയത്തും മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ കോഴിക്കോട്ടെ ഒരു മാധ്യമ പ്രവർത്തകൻ മുഴുനീളെ ഷാരൂഖ് സെയ്‌ഫിക്കൊപ്പം ഉണ്ടായിരുന്നു. ഇയാള്‍ പ്രതിയുടെ ഫോട്ടോയെടുത്ത് വാർത്തകൾ നൽകുകയുണ്ടായി. എന്നാല്‍, ഇത് തൻ്റെ ശ്രദ്ധയിൽ പെട്ടില്ലെന്ന് എഡിജിപി പറഞ്ഞു.
ALSO READ| ഷാരൂഖ് സെയ്‌ഫിക്ക് മഞ്ഞപ്പിത്തം; ആരോഗ്യനില മോശം, പ്രതി ആശുപത്രിയിൽ
ആ മാധ്യമപ്രവർത്തകനെ അറിയില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ, പതിവുപോലെ ഇന്ന് രാവിലെയും തൻ്റെ ഓഫിസിന് മുന്നിൽ വന്നിരുന്നെന്നും അയാളോട് പ്രതികരിച്ചിരുന്നെന്നും വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികളുമായി സഹകരിച്ചാണ് ഈ അന്വേഷണം മുന്നോട്ടുപോവുന്നതെന്നും എഡിജിപി എംആർ അജിത് കുമാർ കൂട്ടിച്ചേർത്തു.