കോഴിക്കോട് : യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ താനൂര്‍ പൊലീസ് സ്റ്റേഷനിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്ഐ കൃഷ്‌ണലാൽ, താനൂർ സ്റ്റേഷനിലെ പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, കൽപകഞ്ചേരി സ്റ്റേഷനിലെ വിപിൻ, പരപ്പനങ്ങാടി സ്റ്റേഷനിലെ ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. തൃശൂര്‍ ഡിഐജിയാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ചത്.
താമിര്‍ ജിഫ്രിയെ, കിടത്തിയിരുന്ന പൊലീസുകാരുടെ വിശ്രമ മുറിയിലെ കട്ടിലിന് അടിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തില്‍ ഇതിന്‍റെ പരിശോധന നിര്‍ണായകമായിരിക്കും. താമിറിന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ടെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
കേസിന്‍റെ അന്വേഷണ ചുമതല ജില്ല ക്രൈം ബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ചിലേക്ക് കൈമാറിയിരുന്നു. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്‌പി കുഞ്ഞിമൊയ്‌തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി റെജി എം.കുന്നിപ്പറമ്പന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
താമിര്‍ ജിഫ്രി അറസ്റ്റ്: ഇക്കഴിഞ്ഞ ഒന്നിനാണ് തിരൂരങ്ങാടി മൂഴിക്കല്‍ സ്വദേശിയായ മമ്പുറം മാലിയേക്കല്‍ താമിര്‍ ജിഫ്രിയെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കൈവശംവച്ചതിന്‍റെ പേരിലായിരുന്നു നടപടി. താമിര്‍ ജിഫ്രി അടക്കം അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ചൊവ്വാഴ്‌ച വൈകിട്ട് 4 മണിയോടെ താമിര്‍ ജിഫ്രി മരിച്ചു. സംഭവത്തിന് പിന്നാലെ കുടുംബവും നാട്ടുകാരും ആരോപണങ്ങളുമായെത്തി. എന്നാല്‍ അമിതമായ അളവില്‍ ലഹരി ഉപയോഗിച്ച താമിര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍ കസ്റ്റഡിയിലെടുത്ത താമിറിനെ കോടതിയിലോ പൊലീസ് സ്റ്റേഷനിലോ കൊണ്ടുപോകുന്നതിന് പകരം കോര്‍ട്ടേഴ്‌സിലാണ് എത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
ആരോപണവുമായി സഹോദരന്‍ : താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ മരിച്ചതിന് പിന്നാലെ ആരോപണവുമായി സഹോദരന്‍ ഹാരിസ് ജിഫ്രി രംഗത്തത്തി. താനൂരില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ ചേളാരിയില്‍ നിന്ന് തിങ്കളാഴ്‌ച താമിറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സഹോദരന്‍റെ ആരോപണം.
വടകര പൊലീസ് സ്റ്റേഷനിലും സസ്‌പെന്‍ഷന്‍ : ഏതാനും ദിവസം മുമ്പ് വടകര സ്റ്റേഷനിലുണ്ടായ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. എസ്‌ഐ നിജേഷന്‍, എ എസ് ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര മേഖല ഐജിയാണ് മൂവരെയും സസ്‌പെന്‍ഡ് ചെയ്‌തത്.
പൊലീസ് കസ്റ്റഡിയിലെടുത്ത വടകര കല്ലേരി സ്വദേശിയായ സജീവന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സജീവനെ വിട്ടയച്ചെങ്കിലും സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.