കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലഹരിക്ക് അടിമയായി മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ അച്ഛനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ബിജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മകന്‍ ഷൈന്‍ ആണ് ക്രൂരകൃത്യം ചെയ്തത്.
4 മണിക്കൂറുകളോളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് യുവാവ് കീഴടങ്ങിയത്. ഇയാളെ പിന്തിരിപ്പിക്കാന്‍ രണ്ട് വട്ടം പൊലീസിന് വെടി വയ്‌ക്കേണ്ടിയും വന്നു. യുവാവിന്‍റെ മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി പത്തരയേടെയാണ് ഷൈൻ പ്രകോപനം സൃഷ്‌ടിക്കാൻ തുടങ്ങിയത്. തുടർന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി. കത്തിമുനയില്‍ മാതാപിതാക്കളെ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി അട്ടഹസിക്കുന്ന ഷൈനെ പിന്തിരിപ്പിക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചു. ഇതിനിടെ ഷൈനെ ഒരു മുറിയില്‍ പൂട്ടിയിടാന്‍ പൊലീസിനായി.
രംഗം ശാന്തമായെന്ന് കരുതി ഷൈന്‍റെ മാതാപിതാക്കളായ ഷാജിയോടും വിജിയോടും പൊലീസ് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ മുറിയില്‍ നിന്ന് ഷൈന്‍ പുറത്ത് കടന്നു വാതില്‍ക്കലുണ്ടായിരുന്ന അമ്മ വിജിയെ കുത്തി. മുതുകില്‍ കുത്തേറ്റ വിജിയെ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടയിലും ഷൈന്‍ അച്ഛന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഷൈന്‍ ഏതാനും ദിവസം മുമ്പ് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഷാജി കാലിനു പ്ലാസ്റ്ററിട്ടു കിടപ്പിലാണ്. ഈ കിടക്കയ്ക്കരികില്‍ നിന്ന് ഷാജിയുടെ കഴുത്തില്‍ കത്തിവച്ചായിരുന്നു ഭീഷണി.
ഇതു തുടരുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ഇയാള്‍ ഷാജിയുടെ നെഞ്ചിലും കഴുത്തിലും കുത്തി. ഇതോടെയാണ് സ്ഥലത്തുണ്ടായിരുന്ന നടക്കാവ് ഇന്‍സ്‌പെക്ടര്‍ രണ്ടുതവണ കിടക്കയിലേക്ക് വെടിയുതിര്‍ത്തത്. ഇതിന്റെ ഞെട്ടലില്‍ നിന്നു മോചിതനാകുമ്പോഴേക്കും പൊലീസ് ബലപ്രയോഗത്തിലൂടെ ഷൈനിനെ കീഴടക്കി. ഇയാളെ കസ്റ്റിഡിയിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ ഷാജിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി.