കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. രോഗിയുടെ ബന്ധുകൂടിയായ കുന്ദമംഗലം സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കേസിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ പി കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കൾ മര്‍ദിക്കുകയും ആശുപത്രി തല്ലി തകര്‍ക്കുകയും ചെയ്‌തത്.
പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്‌കാനിങ് റിപ്പോർട്ട് നൽകാൻ വൈകി എന്ന് ആരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. യുവതിയെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ അനിതയുമായി തർക്കിച്ച രോഗിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും നഴ്‌സിങ് സ്റ്റേഷൻ അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു. ഇതിനുശേഷം രാത്രിയോടെ ഡോക്‌ടർ അനിതക്കൊപ്പം എത്തിയ ഇവരുടെ ഭർത്താവും ഇതേ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റുമായ അശോകനെ രോഗിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദിച്ച് അവശനാക്കി.
മുഖത്ത് ശക്തമായി ഇടിയേറ്റ് നിലത്ത് വീണ ഡോക്‌ടറെ ചികിത്സയ്ക്കായി മാറ്റാനുള്ള ശ്രമങ്ങളും ഇവര്‍ തടസപ്പെടുത്തി. ബന്ധുക്കൾക്കെതിരെ വധശ്രമം, ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കടുത്ത നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയെ ഫെബ്രുവരി 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു തന്നെ യുവതിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ യുവതിയുടെ കുഞ്ഞിനെ രക്ഷിക്കാനായില്ല. രോഗിയുടെ തുടർ ചികിത്സകൾ പുരോഗമിക്കുന്നതിനിടെയാണ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടായത്.
പ്രതിഷേധിച്ച് ഡോക്‌ടര്‍മാര്‍ പണിമുടക്കി: ഡോക്‌ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് ആറിന് ഡോക്‌ടര്‍മാര്‍ പണിമുടക്കിയിരുന്നു. അവധി എടുത്ത് ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നായിരുന്നു ഡോക്‌ടര്‍മാരുടെ പ്രതിഷേധം. പണിമുടക്കിന് കെജിഎംഒയും സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയും പിന്തുണ അറിയിച്ചിരുന്നു.
അക്രമികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഡോക്‌ടര്‍മാര്‍ കോഴിക്കോട് കമ്മിഷന്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൂടാതെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ ദിനമായും ആചരിച്ചിരുന്നു. അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി എന്നിവ മുടങ്ങാതെയാണ് ഡോക്‌ടര്‍മാര്‍ പ്രതിഷേധിച്ചത്.
ഡോക്‌ടറെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഡോക്‌ടറെ മര്‍ദിക്കുന്ന സംഭവം അപലപനീയമാണെന്ന് മന്ത്രി പ്രതികരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴില്ലെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
മര്‍ദിക്കപ്പെട്ട ഡോക്‌ടര്‍മാര്‍ നിരവധി: കേരളത്തില്‍ സമാന സംഭവങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിത ഡോക്‌ടറെ രോഗിയുടെ ഭര്‍ത്താവ് മര്‍ദിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്‍റ് വനിത ഡോക്‌ടറെയാണ് രോഗിയുടെ മരണ വിവരം അറിയിച്ചതിന് ഇവരുടെ ഭര്‍ത്താവ് മര്‍ദിച്ചത്. നെഞ്ചില്‍ ചവിട്ടിയായിരുന്നു മര്‍ദനം.
2021 ഓഗസ്റ്റില്‍ എറണാകുളത്തും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡിന് ചികിത്സ തേടിയ യുവാവാണ് ഡ്യൂട്ടി ഡോക്‌ടറെ മര്‍ദിച്ചത്.