കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് ഡോക്‌ടര്‍ക്ക് മര്‍ദനം. കാര്‍ഡിയോളജിസ്റ്റായ ഡോ അശോകനാണ് മര്‍ദനമേറ്റത്. രോഗിയുടെ ബന്ധുക്കളാണ് ഡോക്‌ടറെ മര്‍ദിക്കുകയും ആശുപത്രി തല്ലി തകര്‍ക്കുകയും ചെയ്‌തത്. സംഭവത്തില്‍ ആറു പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
വധശ്രമം, ആശുപത്രി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അപലപിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകി.
പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്‌കാനിങ് റിപ്പോർട്ട് നൽകാൻ വൈകി എന്ന് ആരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. കോഴിക്കോട് ഫാത്തിമ ഹോസ്‌പിറ്റലിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. യുവതിയെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ അനിതയുമായി തർക്കിച്ച രോഗിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും നഴ്‌സിങ് സ്റ്റേഷൻ അടിച്ചു തകർക്കുകയും ചെയ്‌തു.
ഇതിനുശേഷം രാത്രിയോടെ ഡോക്‌ടർ അനിതക്കൊപ്പം എത്തിയ ഇവരുടെ ഭർത്താവും ഇതേ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് അശോകനെ രോഗിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദിച്ച് അവശനാക്കി. മുഖത്ത് ശക്തമായി ഇടിയേറ്റ് നിലത്ത് വീണ ഡോക്‌ടറെ ചികിത്സയ്ക്കായി മാറ്റാനുള്ള ശ്രമങ്ങളെയും തടസപ്പെടുത്തി. വധശ്രമമാണ് നടന്നതെന്ന് ഡോക്‌ടർ അശോകൻ പ്രതികരിച്ചു.
മര്‍ദിച്ചത് രോഗിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍: ഭർത്താവ് അടക്കം യുവതിയുടെ ആറു ബന്ധുക്കൾക്കെതിരെ വധശ്രമം, ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കടുത്ത നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
മറ്റ് അസുഖങ്ങളുമായി കഴിഞ്ഞ 24നാണ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു തന്നെ യുവതിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. രോഗിയുടെ തുടർ ചികിത്സകൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലത്തെ അനിഷ്‌ട സംഭവങ്ങൾ.
സമാന സംഭവം നേരത്തെയും: ഡോക്‌ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിക്കുന്ന സംഭവം സംസ്ഥാനത്ത് ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിത ഡോക്‌ടറെ രോഗിയുടെ ഭര്‍ത്താവ് മര്‍ദിച്ച സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്‍റ് വനിത ഡോക്‌ടറെ ആണ് രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്‌ത്തിയത്. ഭാര്യ മരിച്ചത് അറിയിച്ചതിനാണ് ഡോക്‌ടര്‍ മര്‍ദനത്തിന് ഇരയായത്. ഇയാള്‍ ഡോക്‌ടറുടെ നെഞ്ചില്‍ചവിട്ടി വീഴ്‌ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഡോക്‌ടറെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു.
2021 ഓഗസ്റ്റില്‍ എറണാകുളത്തും സമാനമായ സംഭവം നടന്നിരുന്നു. പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ക്കാണ് അന്ന് മര്‍ദനമേറ്റത്. കൊവിഡ് ലക്ഷണങ്ങളുമായി അത്യാഹിത വിഭാഗത്തില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം ചികിത്സ തേടിയ യുവാവാണ് ഡ്യൂട്ടി ഡോക്‌ടറെ മര്‍ദിച്ചത്. പൂക്കാട്ടുപടി തഖ്‌ദീസ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടര്‍ ജീസണ്‍ ജോണിയേയാണ് എടത്തല സ്വദേശി ഷബീര്‍ കയ്യേറ്റം ചെയ്‌തത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് എടത്തല പൊലീസ് പിടികൂടി. ഇന്ത്യന്‍ ശിക്ഷ നിയമം 323, 294, 506 എന്നീ വകുപ്പുകള്‍ക്ക് പുറമെ ആശുപത്രി സംരക്ഷണ നിയമ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു.