കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക് ഡൗണായതോടെ നഗരത്തിൽ അലഞ്ഞുനടന്ന അഗതികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മൊഫ്യൂസില്‍ ബസ് സ്റ്റാൻഡ്, പാളയം, തളി പരിസരങ്ങളിൽ അലഞ്ഞുതിരിയുന്ന നൂറോളം പേരെയാണ് വെസ്റ്റ് ഹിൽ യൂത്ത് ഹോസ്റ്റലിലെ താൽകാലികമായി തയ്യാറാക്കിയ അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
ഇവർക്ക് മറ്റ് അസുഖങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ നടപടി എടുക്കുമെന്നും സബ് കലക്‌ടർ ജി.പ്രിയങ്ക അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഇവർ അഭയകേന്ദ്രത്തിൽ തുടരുമെന്നും ഇവർക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കുമെന്നും സബ് കലക്‌ടർ കൂട്ടിച്ചേര്‍ത്തു.