കോഴിക്കോട്: ന്യൂനമർദ്ദത്തെ തുടർന്ന് കാലാവസ്ഥ പ്രക്ഷുബ്ധമായ കോഴിക്കോട് ജില്ലയിൽ 21 അംഗ ദുരന്ത നിവാരണ സംഘം എത്തി. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് പോകാൻ സജ്ജമായ സംഘം വേങ്ങേരി ഗസ്റ്റ് ഹൗസിൽ തമ്പടിച്ചിരിക്കുകയാണ്.
കടലാക്രമണം രൂക്ഷമായ വടകര വില്ലേജിൽ 100 കുടുംബങ്ങളിൽ നിന്നായി 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കസബ വില്ലേജിലെ തോപ്പയിൽ ഏഴ് പേരെ ക്യാമ്പിലേക്ക് മാറ്റി. കടലുണ്ടി വില്ലേജിൽ കടലാക്രമണത്തെ തുടർന്ന് കപ്പലങ്ങാടി ഭാഗത്തു നിന്നും 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്ന് 2 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തു നിന്നും 6 കുടുംബങ്ങളയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
വിയ്യൂരിൽ 44 പേരെയും കൊയിലാണ്ടിയിൽ 8 പേരെയും മാറ്റിപ്പാർപ്പിച്ചു. സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം നിരീക്ഷിച്ച് വരികയാണ്. ജില്ലയുടെ തീരദേശ മേഖലയിൽ കനത്ത മഴ തുടരുകയാണ്.