കോഴിക്കോട് : നിപയിൽ ആശ്വാസം കണ്ടെത്തിയെങ്കിലും ഡെങ്കിപ്പനി ഭീതിയിൽ ജില്ല (Dengue Fever Kozhikode). ഡെങ്കിബാധിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ 32 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. കോർപ്പറേഷൻ പരിധിയിലുള്ളവരാണ് രോഗികളിൽ കൂടുതൽ പേരും. ഇതോടെ ഡെങ്കി ഹോട്ട്സ്പോട്ടുകൾ (Dengue hotspot Kozhikode Corporation) പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.
ഈഡിസ് ഈജിപ്‌തി ഇനത്തിൽ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത് (Dengue cases Kozhikode). ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന ഇവയെ തുരത്താൻ പൊതുജന ശ്രദ്ധ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. വീടിന്‍റെ അകത്തും പുറത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം.
വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്‍റെ ഉറവിടമായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്‌ജിലെയും ട്രേയിലെ വെള്ളം ആഴ്‌ച തോറും മാറ്റണം. ആക്രിക്കട, ടയർകട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിർമാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്‍റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയിൽ മൂടിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത ഏറെയാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം (Dengue spread Kozhikode) വളരെ കൂടുതലാകാനാണ് സാധ്യത. ജില്ല മെഡിക്കൽ ഓഫിസർമാർ ജില്ല കലക്‌ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്‌ത് വാർഡുതലം മുതലുള്ള ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും നിർദേശമുണ്ട്. മരണം പരമാവധി ഒഴിവാക്കാൻ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി സർക്കാർ, സ്വകാര്യ മേഖലയിൽ തുടർപരിശീലനങ്ങൾ പൂർത്തിയാക്കാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി.
എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്തും പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനിയും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.