കോഴിക്കോട്: വയനാട്ടില്‍ ഷെഹ്‌ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് മരിച്ചതില്‍ കാരണക്കാരെ തെരയുന്ന ചര്‍ച്ചകളാണ് എവിടെയും. ഷെഹ്‌ലയുടെ ജീവന്‍ നഷ്ടപ്പെട്ടതിന്‍റെ ദു:ഖം മാറിയിട്ടില്ല. അപ്പോഴാണ് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗനവാടിയിലെ കുട്ടികളുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയായി കെട്ടിടം നിറയെ മാളങ്ങളുള്ളതായി വിവരം പുറത്ത് വരുന്നത്. 26 കുട്ടികൾ എത്തുന്ന ഒമ്പതാം വാർഡ് കളരി കണ്ടിയിലെ അംഗനവാടിക്കാണ് ഈ ദുരവസ്ഥ.
26 വർഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിൽ യാതൊരുവിധ അറ്റകുറ്റപണികളും ഇതുവരെ നടത്തിയിട്ടില്ല. കെട്ടിടത്തിന്‍റെ ചുമരുകളിൽ ഒന്നിലധികം വലിയ മാളങ്ങളും തറ കെട്ടിയ കരിങ്കല്ലുകൾക്കിടയിൽ വലിയ പൊത്തുകളും ധാരാളമുണ്ട്. മേൽക്കൂരയിലെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും തറയിൽ വീഴുമെന്നുള്ള അവസ്ഥയിലാണ്.
ഇതുവരെ വൈദ്യുതി എത്താത്ത കെട്ടിടത്തിൽ വെറും നിലത്തിരുന്നാണ് കുട്ടികൾ കളിക്കുകയും പഠിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്. മഴ നനയാതിരിക്കാൽ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്. അപകടഭീഷണി നേരിടുന്ന ഈ കെട്ടിടത്തിൽ കഴിയുന്നത് കുട്ടികളുടെയും ജീവനക്കാരുടെയും ജീവന് തന്നെ ആപത്താണ്.