കോഴിക്കോട്: നോമ്പുതുറയിലെ പ്രധാനവിഭവമാണ് ഈന്തപ്പഴം. പകല്‍മുഴുവന്‍ നീണ്ട് നില്‍ക്കുന്ന വ്രതാനുഷ്ഠാനം പൂര്‍ത്തിയാകുമ്പോള്‍ ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുന്നതാണ് പരമ്പരാഗത ശൈലി. മാര്‍ക്കറ്റുകളില്‍ വിവിധയിനം ഈന്തപ്പഴങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. സൗദി, ഒമാന്‍, ഇറാന്‍, ഇറാഖ്, ജോര്‍ദ്ദാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിവിധയിനം ഈന്തപ്പഴങ്ങളാണ് പ്രധാനമായുള്ളത്.
മറ്റു പഴ വർഗങ്ങൾക്ക് വില കൂടിയെങ്കിലും ഈന്തപ്പഴത്തിന് വില ഉയർന്നിട്ടില്ല. കൊവിഡിൽ കഴിഞ്ഞ തവണ ഈന്തപ്പഴ കച്ചവടക്കാർക്കും തിരിച്ചടിയായിരുന്നു. കടകൾ അടച്ചിട്ടതും സമൂഹ നോമ്പുതുറകൾ ഇല്ലാതായതുമെല്ലാം വിപണിയെ ബാധിച്ചു. ഇത്തവണ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ കച്ചവടക്കാർ കൂടുതൽ പഴങ്ങൾ എത്തിച്ചു. നോമ്പിൻ്റെ ആദ്യ ദിവസങ്ങളിൽ നല്ല വിപണി ലഭിച്ചെങ്കിലും കൊവിഡ് വ്യാപനം വീണ്ടും ഈന്തപ്പഴക്കച്ചവടക്കാരെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്.
മുൻ വർഷങ്ങളിൽ സ്ഥിരമായി ഉണ്ടായിരുന്ന ഈന്തപ്പഴ മേളകൾ ഒന്നും തന്നെ നഗരത്തിൽ എവിടെയും ഇക്കുറി ഉണ്ടായിരുന്നില്ല. 150 രൂപ മുതലുള്ള സാധാരണ ഈന്തപ്പഴങ്ങളും വിപണിയിലുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് കച്ചവടത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ വന്‍ വില നല്‍കി സ്‌റ്റോക്ക് ചെയ്‌ത ഈന്തപ്പഴം മാര്‍ക്കറ്റില്‍ വിലകുറച്ച് നല്‍കാനും വ്യാപാരികള്‍ നിര്‍ബന്ധിതരാകുകയാണ്.