കോഴിക്കോട്: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ വയലുകളിൽ വെള്ളം കെട്ടിനിന്ന് വൻതോതിൽ കൃഷിനാശം.
വെസ്റ്റ് കൊടിയത്തൂർ സ്വദേശി പുതിയോട്ടിൽ ഹമീദ് ഒരുമാസം മുമ്പ് വെച്ച 3000ഓളം വാഴക്കന്നുകളാണ് വെള്ളക്കെട്ട് മൂലം നശിച്ചത്. ഒരു വാഴക്കന്നിന് കൂലി ചെലവടക്കം ശരാശരി 35 രൂപ ചിലവ് വരും. പുറമെ വളവും മറ്റു ജോലികളും. ചീഞ്ഞ വാഴക്കന്നുകളെല്ലാം പറിച്ചുമാറ്റി പുതിയ വാഴ ക്കന്നുകൾ വെച്ചാൽ മാത്രമേ ഇനി കൃഷി തുടരാൻ കഴിയുകയുള്ളൂ. ഇത് പറിച്ചു മാറ്റണമെങ്കിൽ കൂലി ഇനത്തിൽതന്നെ വൻ തുക ചിലവ് വരുമെന്ന് കർഷകനായ ഹമീദ് പറയുന്നു.
ഇത്തരത്തിൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി നിരവധി കർഷകരുടെ കാർഷിക ഉൽപന്നങ്ങളാണ് നശിച്ചത്. കൃഷി നശിച്ചവരുടെ കണക്കെടുത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും സർക്കാറിൻ്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ധനസഹായം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും സ്ഥലം സന്ദർശിച്ച കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എടത്തിൽ ആമിന പറഞ്ഞു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലും മുക്കം നഗരസഭയിലും ഒട്ടേറെ വാഴ കൃഷിക്കാർ സമാന രീതിയിൽ ബുദ്ധിമുട്ടിലാണ്. ഒരുമാസം പ്രായം ചെന്ന വാഴക്കന്നുകളാണ് നശിച്ചത് എന്നതുകൊണ്ടുതന്നെ കർഷകർക്ക് ഇൻഷുർ ചെയ്യാനും പറ്റിയിട്ടില്ല. ഇതോടെ ബാങ്ക് വായ്‌പ ഉൾപ്പെടെ എടുത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
Also Read: വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെ എ.ഐ.എസ്.എഫ്