കോഴിക്കോട്: പാർട്ടിയുടെ പേര് പറഞ്ഞ് ഗുണ്ടാസംഘങ്ങൾ പണം പിരിക്കുന്നു എന്ന പരാതിയുമായി സിപിഎം രംഗത്ത്. താമരശ്ശേരി കേന്ദ്രീകരിച്ചാണ് ഗുണ്ട, ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടം. വിൽപ്പനയ്ക്ക് വെച്ച സ്വകാര്യ എസ്റ്റേറ്റിൻ്റെ ഉടമകളോടും സ്ഥലം വാങ്ങിക്കാൻ വരുന്നവരോടും 20 ലക്ഷം രൂപ വരെയാണ് ഗുണ്ടാസംഘം ആവശ്യപ്പെട്ടത്.
പുതിയ സംരംഭം ആരംഭിക്കുന്നവർക്കുമുണ്ട് ഭീഷണി. പണം തന്നില്ലെങ്കിൽ സിപിഎം പ്രവർത്തകർ എത്തി വാങ്ങിക്കുമെന്നാണ് ഭീഷണി. ഇക്കാര്യത്തില്‍ ഒരു എസ്റ്റേറ്റ് ഉടമ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കും താമരശ്ശേരി പൊലീസിലും പരാതി നൽകി.
വിഷയം നാട്ടിൽ ചർച്ചയായതോടെ നിലപാട് വ്യക്തമാക്കാൻ സിപിഎം വിശദീകരണ യോഗം വിളിച്ചു ചേർത്തു. ഇത്തരക്കാർക്ക് പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇവരുടെ പേര് വിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി. പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിപിഎം നേതൃത്വം മുന്നറിയിപ്പ് നൽകി.
കൊലപാത കേസുകളിൽ പ്രതിയായിട്ടുള്ളവരാണ് ഗുണ്ട പിരിവ് നടത്തുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഈ സംഘത്തിനെതിരെ നടപടിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.