കോഴിക്കോട് : പുറക്കാട് വീരവഞ്ചേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു (CPM Worker Stabbed in Kozhikode). മണപ്പുറംകണ്ടി ദാസനാണ് വെട്ടേറ്റത്. ചിങ്ങപുരം ചാക്കര റോഡിൽ ബുധനാഴ്‌ച രാത്രി (ഓഗസ്റ്റ് 30) ആണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദാസനെ വാഹനം തടഞ്ഞ് നിർത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടനെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് (Kozhikode medical college hospital) മാറ്റുകയായിരുന്നു.
ബിജെപിയാണ് അക്രമത്തിന് പിന്നിലെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും സിപിഎം ആരോപിച്ചു. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു : ഇക്കഴിഞ്ഞ ജൂലൈയില്‍ കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചിരുന്നു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകന്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ജൂലൈ 18ന് വൈകിട്ട് 6 മണിയോടെ കാപ്പില്‍ത്തട്ട് ജങ്‌ഷനില്‍ വച്ചായിരുന്നു അമ്പാടിക്ക് വെട്ടേറ്റത്. നാല് ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ അമ്പാടിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റു. പരിക്കേറ്റ അമ്പാടിയെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പൊലീസ് നിഗമനം.
സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെ കൊലപാതകം : കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 14 ന് രാത്രി പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടി കൊലപ്പെടുത്തിയ സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. മരുതറോഡ് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. 14ന് രാത്രി 9.15ന് ഷാജഹാന്‍റെ വീടിന് സമീപത്തുവച്ചായിരുന്നു സംഭവം.
8 പേരടങ്ങുന്ന അക്രമി സംഘം വടി വാള്‍ ഉപയോഗിച്ച് ഷാജഹാനെ ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ ഷാജഹാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്‌ട്രീയ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. നേരത്തെയും ഷാജഹാനെതിരെ വധ ഭീഷണി ഉണ്ടായതായി സിപിഎം നേതാക്കള്‍ അന്ന് പ്രതികരിക്കുകയുണ്ടായി. ഡിവൈഎഫ്ഐയുടെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ആണ് അക്രമികള്‍ ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയത്. ഒരിടവേളയ്ക്ക് ശേഷം പാലക്കാട് റിപ്പോര്‍ട്ട് ചെയ്‌ത രാഷ്‌ട്രീയ കൊലപാതകം ആയിരുന്നു ഷാജഹാന്‍റേത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയതാണ് അതിന് മുന്‍പ് ചര്‍ച്ചയായ കൊലപാതകം. ഇതിന് പ്രതികാരമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ പിതാവിന്‍റെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തരെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നാണ് അറസ്റ്റ് ചെയ്‌തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ കൊലയ്ക്ക് തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Also Read : പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി