കോഴിക്കോട്: എടച്ചേരിയിൽ യുഡിഎഫ്- സിപിഎം സംഘർഷം. യുഡിഎഫ് ജാഥയ്ക്ക് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു എന്ന് യുഡിഎഫ് ആരോപിച്ചു. ആക്രമണത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പൊയിലിൽ അനീഷ് കുമാർ (48), പുതിയോട്ടിൽ ബഷീർ (45), കൊളക്കാട്ട് സമീർ (42), കമ്മോളി അബൂബക്കർ (42) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ നാല് പേരെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. എടച്ചേരി 12, 13 വാർഡുകളിലെ ഇലക്‌ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ ഇലക്‌ട്രിസിറ്റി ജീവനക്കാർ അഴിച്ച് കൊണ്ടു പോയതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തലായിയിൽ നിന്ന് എടച്ചേരിയിലേക്ക് പ്രകടനം നടത്തുകയായിരുന്നു. പ്രകടനം എടച്ചേരി ടൗണിലെത്തിയതോടെ സിപിഎം പ്രവർത്തകരും പ്രകടനവുമായി എത്തുകയും പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ സംഘർഷം ഉടലെടുക്കുകയുമായിരുന്നു.
വടികൊണ്ടുള്ള അക്രമത്തിൽ ഒരാൾക്ക് തലക്കും ഒരാൾക്ക് കണ്ണിന് താഴെയുമാണ് പരിക്ക്. അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.