കോഴിക്കോട് : തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം ജില്ല കമ്മിറ്റി അംഗവുമായ ജോര്‍ജ് എം തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്‌തു. ഇതോടൊപ്പം കർഷസംഘം ഭാരവാഹിത്വത്തിൽ നിന്നും ജോർജ് എം തോമസിനെ നീക്കി. കോഴിക്കോട് ജില്ല കമ്മിറ്റി നൽകിയ ശുപാർശയെ തുടർന്നാണ് നടപടി.
സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിക്ക് കാരണം. ജില്ല കമ്മിറ്റി നൽകിയ ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു.
പാർട്ടിയിലെ വിഭാഗം നൽകിയ പരാതിയിലാണ് കമ്മിഷൻ അന്വേഷണം നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനുമായിരുന്നു ജില്ല കമ്മിറ്റിയുടെ ശുപാർശ. ജില്ല നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ പരാതിക്കാർ സംസ്ഥാന നേതൃത്വത്തിന് പരാതി കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ്റിയാണ് ജോർജ് എം തോമസിനെതിരെ നടപടിയെടുക്കുന്നത് പരിഗണിച്ചത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിനെത്തിയിരുന്നു. രണ്ടംഗ കമ്മിഷനാണ് ആരോപണങ്ങളിൽ അന്വേഷണം നടത്തിയത്.
നേരത്തെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം തോമസിന് പരസ്യ ശാസന നൽകിയിരുന്നു. സിപിഎം നിലപാടിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞതിനാണ് നടപടി എടുത്തത്. ലവ് ജിഹാദ് ശരിയെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു എന്നാണ് ജോര്‍ജ് എം തോമസ് പറഞ്ഞത്. കോടഞ്ചേരിയിലെ മിശ്ര വിവാഹത്തെ തുടർന്നായിരുന്നു പ്രതികരണം.
ജോര്‍ജ് എം തോമസിന് പി മോഹനന്‍റെ പരസ്യ ശാസന : ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെജിന്‍റെ പ്രണയ വിവാഹത്തെതുടർന്നായിരുന്നു ജോർജ് എം തോമസിന്‍റെ വിവാദ പ്രസ്‌താവന. ഇവർ വിവാഹം ചെയ്‌ത നടപടി ശരിയല്ലെന്നും ഷെജിൻ പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടാക്കി എന്നും ജോർജ് എം തോമസ് പറഞ്ഞു. കൂടാതെ, ലവ് ജിഹാദ് എന്നത് ഇപ്പോഴും യാഥാര്‍ഥ്യമാണെന്നും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥിനികളെ ലവ് ജിഹാദിൽ കുടുക്കുന്നുണ്ടെന്നും ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയെ അറിയിക്കണമായിരുന്നുവെന്നും മുൻ എംഎൽഎ കൂട്ടിച്ചേർത്തു. മുന്‍ എംഎല്‍എയുടെ ഈ പരാമര്‍ശം വന്‍തോതില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയും വിവാദം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ജോർജ് എം തോമസിന്‍റെ വിവാദങ്ങളെല്ലാം തള്ളിക്കൊണ്ട് ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.
Also read : 'ലൗവ് ജിഹാദ് എന്നത് നിർമിത കള്ളം'; ഷെജിനും ജോയ്‌സ്‌നയും മാതൃകയെന്ന് ഡി.വൈ.എഫ്.ഐ
പ്രസ്‌താവനക്ക് പിന്നാലെ ജോർജ് എം തോമസിന് പരസ്യ ശാസനയുമായി കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ രംഗത്തെത്തിയിരുന്നു. പരസ്യ പ്രസ്‌താവന നടത്തുമ്പോൾ നേതാക്കൾ ജാഗ്രത പാലിക്കണമെന്നും പി മോഹനൻ നിര്‍ദേശിച്ചു. ജോർജ് എം തോമസിന്‍റെ വാക്കുകളെ പൂർണമായും സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ തള്ളിക്കളഞ്ഞിരുന്നു. ജോർജിൻ്റെ 'ലൗ ജിഹാദ്' പ്രസ്‌താവന പാർട്ടി നയത്തിന് എതിരാണെന്നും സിപിഎം അംഗീകരിക്കാത്ത നിലപാടാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ജില്ല സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.