തിരുവനന്തപുരം : ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും ചേരും. രാവിലെ 10 മണിക്ക് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് പിന്നാലെ വൈകിട്ട് മൂന്നിനാകും എല്‍ഡിഎഫ് യോഗം ചേരുക. മന്ത്രിസഭ പുനഃസംഘടന ഉള്‍പ്പെടെ ഇന്നത്തെ യോഗങ്ങളില്‍ ചര്‍ച്ചയാകാനാണ് സാധ്യത (CPM Secretariat And LDF Meeting Today).
അതേസമയം മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) നേരത്തെ തന്നെ എല്‍ഡിഎഫിന് കത്ത് നൽകിയിരുന്നു. മുന്നണിയിലെ മറ്റ് ഘടകകക്ഷികളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിസഭ പുനഃസംഘടന പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് നേരിട്ടെത്തുന്ന നവകേരള സദസുകള്‍ ഈ മാസം 18 ന് ആരംഭിക്കാനിരിക്കെ മണ്ഡലം സദസുകള്‍ക്ക് ശേഷം പുനഃസംഘടന പരിഗണിച്ചാല്‍ മതിയെന്നായിരുന്നു ഇടതുമുന്നണിയുടെ ധാരണ.
എന്നാല്‍ മുന്നണിയിലെ പാര്‍ട്ടികള്‍ പുനഃസംഘടന ആവശ്യപ്പെട്ട് നിരന്തരം മുന്നണി നേതൃത്വത്തെ സമീപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മുന്നണി ധാരണകള്‍ പ്രകാരം നവംബര്‍ 25 നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്.
ഭരണത്തിന്‍റെ വിലയിരുത്തല്‍ നടക്കുന്ന നവകേരള സദസുകളില്‍ നിലവിലെ മന്ത്രിമാരുടെ സാന്നിധ്യം പ്രധാനമാണെന്ന നിലപാടിലാണ് സിപിഎമ്മും എല്‍ഡിഎഫും. ഇന്നത്തെ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകാനാണ് സാധ്യത.
വെള്ളിയാഴ്‌ചകളില്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നവംബര്‍ 17 നാകും ഇനി ചേരുക. ഈ സാഹചര്യത്തില്‍ മണ്ഡലം പര്യടനത്തിന് മുന്‍പാണോ ശേഷമാണോ മന്ത്രിസഭ പുനഃസംഘടന എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ALSO READ:'ഒരിക്കല്‍ ക്ഷണിച്ചു, ഇനിയില്ല': സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിന് ക്ഷണമില്ല
ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗില്ല : കോഴിക്കോട് വച്ച് സിപിഎം സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനം (Muslim League not invited to CPM Palestine Solidarity rally). കോഴിക്കോട് ജില്ല കമ്മറ്റി ഓഫിസിൽ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനമുണ്ടായത്. പലസ്‌തീന്‍ വിഷയത്തില്‍ ലീഗിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിലയിരുത്തിലിനെ തുടർന്നാണ് റാലിയിലേക്ക് ലീഗിനെ ക്ഷണിക്കേണ്ട എന്ന തീരുമാനത്തില്‍ സിപിഎം എത്തിയത് (Muslim League rejected from CPM Palestine Solidarity rally).
അതേസമയം ഇകെ, എപി വിഭാഗം സമസ്‌തകളെ റാലിയിലേക്ക് ക്ഷണിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചിട്ടുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിച്ചില്ലെന്ന് പറഞ്ഞ് ലീഗ് അവസാന നിമിഷം പിന്‍മാറുകയായിരുന്നു.
ഒരു തവണ കൂടി ലീഗിനെ ക്ഷണിച്ച് മറ്റൊരബന്ധം കൂടി വരുത്തി വയ്‌ക്കേണ്ട എന്നാണ് പൊതുവിൽ പാർട്ടി നിലപാട്. അതിന് ലീഗിൻ്റെ നിലപാട് ഇരട്ടത്താപ്പാണെന്ന ഒരു വിലയിരുത്തലും നടത്തിയിരിക്കുകയാണ്. അതേസമയം ഈ മാസം 11നാണ് സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുക. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും