കോഴിക്കോട്: കൊവിഡ് കാലം നഷ്ടങ്ങളുടേയും വേദനകളുടേതും മാത്രമാണ്. പക്ഷേ എല്ലാ വേദനകളും ഉള്ളിലൊതുക്കി എല്ലാവർക്കും വേണ്ടി ജീവിക്കുന്ന ചിലർ ഇപ്പോഴുമുണ്ട്. അവരാണ് ഈ കെട്ട കാലത്ത് ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനുഷ്യർ. അങ്ങനെയൊരാളുണ്ട് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍. മനസിലെ നന്മ പ്രകൃതിക്ക് കൈമാറിയ ഈ മനുഷ്യനാണ് കൊയിലാണ്ടിക്കാരുടെ ശശിയേട്ടൻ.
ദുരിത കാലത്തെ സന്മനസ് കൊണ്ട് നേരിട്ട ശശിയേട്ടൻ
കൊവിഡ് എല്ലാം തകർത്തെറിഞ്ഞപ്പോൾ ഇതുവരെ നാം കണ്ടിട്ടില്ലാത്ത അടച്ചിടല്‍ യാഥാർഥ്യമായി. എല്ലാം സമ്പൂർണമായി അടച്ചതോടെ സ്‌കൂൾ അങ്കണങ്ങൾ കാടുകയറി. ക്ലാസ്‌മുറികൾ കാടുകയറി. ഈ മഹാമാരിക്കാലം കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എന്താകും സ്ഥിതി എന്ന് ആർക്കുമറിയില്ല. പക്ഷേ കൊയിലാണ്ടി ഗവൺമെന്‍റ് ഹൈസ്‌കൂളില്‍ ഇതല്ല അവസ്ഥ. ഇന്നിതൊരു പൂങ്കാവനമാണ്.
നൂറിലേറെ വ്യത്യസ്തങ്ങളായ ചെടികൾ.. അതില്‍ നിറയെ പല വർണത്തിലുള്ള പൂക്കൾ. തണലിന് ആൽ മരം. അതിനൊപ്പം പച്ചക്കറി കൃഷിയും. സ്‌കൂൾ വികസനത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടങ്ങളുടെ പണി നടക്കുമ്പോഴും പൂക്കളോടും പച്ചക്കറികളോടും കുശലം പറഞ്ഞ് ഒരാൾ ഇവിടെയുണ്ട്. അതാണ് ശശിയേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ശശി എസ്കെ.
വെറുമൊരു പൂർവ വിദ്യാർഥിയല്ല
കൊയിലാണ്ടി ഗവൺമെന്‍റ് ഹൈസ്‌കൂളിലെ 1986 ബാച്ച് എസ്എസ്എൽസി വിദ്യാർഥിയായിരുന്നു ശശി. നാല് വർഷം മുൻപ് ദിവസവേതനക്കാരനായി സ്‌കൂളിലെത്തി. ഇന്നിപ്പോൾ മാതൃ വിദ്യാലയത്തെ കാട് കയറാതെ കാത്തു സൂക്ഷിക്കുകയാണ്.
അതിരാവിലെ എത്തി നട്ടതിനെയൊക്കെ തൊട്ടു തലോടി നടക്കും.. തിരിച്ചു പോകാൻ ചിലപ്പോൾ രാത്രിയാകും.. അതിനിടെ സ്കൂൾ ആവശ്യങ്ങൾക്കായി പല ഭാഗങ്ങളിൽ നിന്നും വിളി വരും.. അവിടെയെല്ലാം ഓടിയെത്തും.. എല്ലാവർക്കും വേണ്ടി എവിടെയും ശശിയേട്ടനുണ്ട്. കാട് കയറാത്ത മനസുമായി.