കോഴിക്കോട് : കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ മുക്കം നഗരസഭയിൽ നാല് പേർക്ക് ഡെൽറ്റ വൈറസ് സ്ഥിരീകരിച്ചു. മണാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും തോട്ടത്തിൻ കടവ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് കഴിഞ്ഞ മാസം 20നാണ് കൊവിഡ് പോസിറ്റീവായത്.
കൊവിഡ് സ്ഥിരീകരിച്ച ശേഷം സ്രവ സാംപിൾ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയയ്ക്കുകയും ഫലം ഇന്നലെ ലഭിക്കുകയും ചെയ്‌തപ്പോഴാണ് ഡെൽറ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ കൂടുതൽ പേർക്ക് ഡെൽറ്റ വൈറസ് സ്ഥിരീകരിക്കാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എവിടെ നിന്നാണ് ഇവർക്ക് രോഗം പിടിപെട്ടത് എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ച് വരികയാണ്.
വേണം അതീവ ജാഗ്രത
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് ഉപയോഗം, ആള്‍ക്കൂട്ടം ഒഴിവാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളിലും കാര്യമായ പാകപ്പിഴകള്‍ വരുന്നുണ്ട്. ഇത് ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ വ്യാപകമാകാന്‍ ഇടയാക്കുമെന്നാണ് കണക്കുകൂട്ടല്‍.
Also Read: KERALA COVID CASES : സംസ്ഥാനത്ത് 13,550 പേർക്ക് കൂടി കൊവിഡ് ; 108 മരണം
ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസായ ഡെല്‍റ്റ സ്ഥിരീകരിച്ചതോടെ വലിയ തോതിലുള്ള ആശങ്കയാണ് ജില്ലയിൽ നിലനിൽക്കുന്നത്. രണ്ടാം തരംഗം ഇത്രമാത്രം രൂക്ഷമാകാന്‍ കാരണം ഡെല്‍റ്റ വകഭേദമാണെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിഗമനം. ആദ്യഘട്ടത്തിലുണ്ടായിരുന്ന വൈറസിനെക്കാള്‍ രോഗവ്യാപനം കൂടുതലുള്ളതാണ് ഡെല്‍റ്റ വകഭേദം.
ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തി എന്നതിനാല്‍ തന്നെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയും കൊവിഡ് മരണനിരക്ക് ഉയരുകയും ചെയ്‌തിരുന്നു. ഇന്ത്യന്‍ വകഭേദമായ ഡെല്‍റ്റ വൈറസിന്‍റെ സാന്നിധ്യം ഇതുവരെ 85 രാജ്യങ്ങളില്‍ സ്ഥീരീകരിച്ചിട്ടുണ്ട്.